മക്ക: വിശുദ്ധ ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയവും അറിയാനും തിരക്കില്ലാത്ത സമയങ്ങളിൽ വിശുദ്ധ ഉംറ കർമ്മത്തിനായി ബുക്ക് ചെയ്യാനുമുള്ള സംവിധാനം സജ്ജമായി. തവക്കൽനാ, ഇഅ്തമർനാ ആപ്പുകളിലാണ് ഹജ്, ഉംറ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചത്. ആപ്പുകളിൽ ഹിജ്‌റ, ഗ്രിഗോറിയൻ കലണ്ടറുകളിൽ നാലു നിറങ്ങൾ അടയാളപ്പെടുത്തിയാണ് തിരക്കുള്ള ദിവസങ്ങളും അല്ലാത്ത ദിവസങ്ങളും വ്യക്തമാക്കുന്നത്.
ചാര നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ ഉംറ പെർമിറ്റ് ലഭ്യമല്ല എന്നാണ് അർഥമാക്കുന്നത്.
പച്ച നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ തിരക്ക് കുറവാണെന്നും മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ ഇടത്തരം തിരക്കാണെന്നും ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ ദിവസങ്ങളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത് എന്നും അർഥമാക്കുന്നു. ഉംറ നിർവഹിക്കാൻ ദിവസം തെരഞ്ഞെടുത്ത ശേഷം തിരക്ക് കുറഞ്ഞ സമയവും ഇതേ പോലെ ആപ്പ് വഴി തെരഞ്ഞെടുത്ത് ഉംറ ബുക്കിംഗ് നടത്താൻ സാധിക്കും. പുതിയ സേവനം ലഭിക്കാൻ ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
നേരത്തെ, വിദേശ രാജ്യങ്ങളിൽ നിന്ന് മക്കയും മദീനയും ലക്ഷ്യമാക്കി വരുന്ന വിശ്വാസികൾക്ക് ആപിൽ നിന്ന് പെർമിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുന്നതിനു പുറമെ ഹജ്ജ് ഉംറ സർവീസുകൾക്കുള്ള ട്രാൻസ്പോർട്ട് ടിക്കറ്റുകളും ഇപ്പോൾ വാങ്ങാനുമുള്ള സംവിധാനം തവക്കൽന പ്രഖ്യാപിച്ചിരുന്നു.
ഈ സേവനം ലഭിക്കാൻ ആപിലെ ഹജ്ജ് ഉംറ സർവീസിലെ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള ഐകൺ ക്ളിക്ക് ചെയ്ത് ഏത് പെർമിറ്റാണെടുക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യുകയും ഉപയോക്താവിൻ്റെ പേരു നൽകുകയും ചെയ്യണം. ശേഷം ഡേറ്റും ടൈമും അസംബ്ളി പോയിൻ്റും ലാൻഡിംഗ് സിറ്റിയും വ്യക്തമാക്കി അപ്രൂവൽ ഡിക്ളറേഷൻ ഐകണിൽ ചെയ്യുകയാണ് വേണ്ടത്. ശേഷം ഉപയോക്താവിനു തൻ്റെ പെർമിറ്റ് കാണാൻ സാധിക്കും.