സഊദിയിലെത്താതെ വിദേശങ്ങളിൽ നിന്ന് സഊദിയിൽ ബിസിനസ് തുടങ്ങാം, നടപടിക്രമങ്ങൾ വ്യക്തമാക്കി നിക്ഷേപ മന്ത്രാലയം

0
2349

റിയാദ്: സഊദി അറേബ്യ നേരിട്ട് സന്ദർശിക്കാതെ തന്നെ വിദേശങ്ങളിൽ നിന്നും സഊദിയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ എളുപ്പത്തിലും വേഗത്തിലും നേടാനുതകുന്ന പുതിയ സംവിധാനവുമായി നിക്ഷേപ മന്ത്രാലയം രംഗത്ത്. വിദേശ, വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും അവസരമൊരുക്കുന്ന പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചത്.

സഊദിയിൽ എളുപ്പത്തിൽ ബിസിനസുകൾ ആരംഭിക്കാൻ നിക്ഷേപകർക്കും കമ്പനികൾക്കും ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സഊദി അറേബ്യ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ശക്തിപ്പെടുത്താൻ പുതിയ സേവനം സഹായിക്കും.

മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്തിന് പുറത്ത് നിന്ന് സഊദിയിൽ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സേവനം ആരംഭിക്കാനാകുക. സഊദി വിദേശ കാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് സഊദി എംബസി വഴി കരാർ അറ്റസ്റ്റേഷൻ ചെയ്യുന്നതിനു അപേക്ഷിക്കുക, സഊദി നിക്ഷേപ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് ലൈസൻസ് ഇഷ്യു ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കുക, നിക്ഷേപകൻ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ബിസിനസിന്റെ സ്ഥാപന കരാർ ആധികാരികമാക്കുകയും കൊമേഴ്സ്സ്യൽ രജിസ്റ്റ്രേഷൻ ഇഷ്യു ചെയ്യുകയും ചെയ്യുക. എന്നീ മൂന്ന് നടപടികളാണ് രജിസ്ട്രഷന്റെ ഭാഗമായി പൂർത്തീകരിക്കേണ്ടത്.

അന്താരാഷഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി വേഗത്തിലും എളുപ്പത്തിലും നിക്ഷേപ ലൈസൻസുകൾ നേടാൻ കമ്പനികൾക്കും നിക്ഷേപകർക്കും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം നിക്ഷേപ മന്ത്രാലയം തുടങ്ങിയിരിക്കുന്നത്. പ്രാദേശിക, ആഗോള തലങ്ങളിൽ സഊദി അറേബ്യയിലെ നിക്ഷേപ സാഹചര്യങ്ങളുടെ മത്സരക്ഷമത ഉയർത്താനും ഇത് സഹായിക്കും. നിക്ഷേപകർക്കും കമ്പനികൾക്കുമായി രാജ്യത്ത് വ്യാപാരം നടത്തുന്നതിന് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുവയ്പ്പ് സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.