റിയാദ്: അനധികൃതമായി സമ്പാദിച്ച പതിനഞ്ചു കോടിയോളം റിയാൽ പണം സഊദിക്ക് പുറത്തേക്ക് അയച്ച നാലു വിദേശികളെ അറസ്റ്റ് ചെയ്തു. സഊദി അഴിമതി വിരുദ്ധ സമിതിയാണ് അനധികൃതമായി പണം സമ്പാദിച്ച് പുറത്തേക്ക് അയച്ച സംഘത്തെ പിടികൂടിയത്. വിദേശികളുടെ പണം പുറത്തേക്ക് അയക്കാൻ കൂട്ട് നിന്ന മൂന്ന് ബാങ്ക് ഉദ്യോഗസ്ഥർ അടക്കം ഏഴു സഊദി പൗരന്മാരും അറസ്റ്റിലായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ച് അതിന്റെ മറവിൽ ബാങ്ക് അകൗണ്ടുകൾ തുറന്ന് അത് വഴിയായിരുന്നു പണം പുറത്തേക്ക് അയച്ചിരുന്നത്. ഇതിനായി വിദേശികളുമായി ഇവർ കരാറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ അകൗണ്ടിലേക്ക് വിദേശികൾ നിക്ഷേപിക്കുന്ന ഓരോ ലക്ഷം റിയാലിനും ബാങ്ക് ഉദ്യോഗസ്ഥർക്ക് 400 റിയാൽ വീതമാണ് കമ്മീഷൻ ലഭിച്ചിരുന്നത്. കൂടാതെ, ഇടപാടുകൾക്ക് കൂട്ടുനിന്നിരുന്ന സൗദി പൗരന്മാർക്കും നിശ്ചിത തുക കമ്മീഷൻ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സഊദി അഴിമതി വിരുദ്ധ സമിതി (നസാഹ) ഇതുൾപ്പെടെ പതിനാറ് വ്യത്യസ്ത അഴിമതിക്കേസുകളാണ് പുറത്ത് വിട്ടത്.