ദമാം: ബോംബ് ഭീഷണിയെ തുടർന്ന് കെയ്റോയിലേക്കുള്ള ഈജിപ്ത് എയർ വിമാനം ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ദമാമിൽ നിന്ന് കെയ്റോ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന വിമാനം വീണ്ടും കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മടങ്ങിയെന്ന് ഈജിപ്റ്റ് എയർ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിൽ ബോംബിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടാണ് വിമാനം തിരിച്ചിറക്കാൻ കാരണമെന്നും അതിനാൽ സഊദി അധികൃതരുടെ നിർദേശപ്രകാരം വിമാനം തിരിച്ചിറക്കുകയും വിമാനം റദ്ദാക്കുകയും ചെയ്തതായി ബന്ധപ്പെട്ടവർ വിശദീകരിച്ചു.
വിമാനം തിരിച്ചെത്തി സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ബോംബ് റിപ്പോർട്ടിന്റെ ആധികാരികത സ്ഥിരീകരിക്കാൻ പരിശോധിച്ചെങ്കിലും സുരക്ഷാ പരിശോധനയിൽ റിപ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഈജിപ്ത് എയർ ചൂണ്ടിക്കാട്ടി.




