ജിദ്ദ: മദീന സന്ദർശനം കഴിഞ്ഞു ബദർ വഴി ജിദ്ദയിലേക്ക് മടങ്ങവേ യാമ്പു – ജിദ്ദ ഹൈവെയിൽ റാബഗിനടുത്ത് വെച്ച് രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിനിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) യുടെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇന്ന് മസ്ജിദുൽ ഹറമിൽ അസർ നമസ്കാരാനന്തരം നടന്ന മയ്യിത്ത് നമസ്കാര ശേഷം ജന്നത്തുൽ മഅല്ല മഖ്ബറയിലാണ് ഖബറടക്കം നടന്നത്. ഖബറടക്ക ചടങ്ങുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മരിച്ച റിഷാദ് അലി ജിസാനിലെ ബഖാല ജീവനക്കാരനായിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കാൻ കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ), ഗഫൂർ ചേലേമ്പ്ര, തൗഹാദ് മേൽമുറി, ഫഹദ് മലപ്പുറം (റാബഗ്), ബഷീർ മാനിപുരം (മക്ക) തുടങ്ങിയവർ നേതൃത്വം നൽകി.
ഇതേ അപകടത്തിൽ പരിക്ക് പറ്റിയ റിഷാദ് അലിയുടെ ഭാര്യ ഫർസീന, മൂന്നര വയസുള്ള മകൾ അയമിൻ റോഹ,ജിദ്ദയിൽ ജോലി ചെയ്യുന്ന തുവ്വൂർ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിൻസില, ഇവരുടെ മാതാവ് റംലത്ത്, സഹോദരൻ മുഹമ്മദ് ബീൻസ്, വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അബ്ദു റഊഫ് കൊളക്കാടൻ എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇവരിൽ ഗുരുതരമായ പരിക്കേറ്റ അബ്ദുറഊഫ്, ഫർസീന, റംലത്ത് എന്നിവർ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ആശുപത്രിയിൽ തുടരുകയാണ്. എന്നാൽ മരിച്ച റിഷാദ് അലിയുടെ മൂന്നര വയസുള്ള മകൾ അയമിൻ റോഹ ഇപ്പോൾ ജിദ്ദയിലെ ബന്ധുക്കൾക്കൊപ്പമുണ്ട്.




