മാസ്കിന്റെ വില കേട്ട് ഞെട്ടേണ്ട, 11 കോടി രൂപയുടെ ലോകത്തെ ഏറ്റവും വിലകൂടിയ മാസ്ക് സഊദിയിൽ

0
9621

റിയാദ്: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫേസ് മാസ്ക് സഊദിയിൽ. തലസ്ഥാന നഗരിയായ റിയാദിൽ നടക്കുന്ന റിയാദ് സീസണിലാണ് ആരെയും അമ്പരപ്പിക്കുന്ന ഈ കോടീശ്വരൻ മാസ്ക് പ്രദർശനത്തിനെത്തിയത്. സീസൺ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് ആഡംബര മാസ്ക് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നത്. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ച മാസ്കിന്റെ വില 15 ലക്ഷം അമേരിക്കൻ ഡോളർ ആണ്. അതായത് ഏകദേശം 11 കോടിയിലധികം ഇന്ത്യൻ രൂപ.

During mask art working

അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ കഴിയുന്ന സമ്പന്നന്റെ ഉടമസ്ഥതയിലാണ് ഈ മാസ്‌ക് എങ്കിലും ഇതിന്റെ യഥാർത്ഥ ഉടമയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിെൻറ ആവശ്യപ്രകാരമാണ് മാസ്ക് നിർമിക്കാൻ കമ്പനി തയാറായതെങ്കിലും വാങ്ങുന്നയാളുടെ പേര് രഹസ്യമായി വെക്കണമെന്ന നിബന്ധന നിർമാണത്തിന് മുമ്പേ കരാറിലുള്ളത്തിനാലാണ് പേര് വിവരങ്ങൾ കമ്പനി അധികൃതകർ പുറത്ത് വിടാത്തത്.

Two Yvel employees setting diamonds on the $1.5
million protective facemask

പ്രമുഖ അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ‘ഇവൽ’ ജ്വല്ലറിയാണ് കോടികളുടെ ഈ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവിയാണ് മാസ്ക് ഡിസൈൻ ചെയ്തത്. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒമ്പത് മാസമെടുത്താണ് മാസ്ക് നിർമിച്ചത്. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനായി യുഎസിൽ നടത്തിയ യാത്രകളിൽ, ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന ചൈനീസ് ബിസിനസുകാരനും ആർട്ട് കളക്ടറുമായ ബിസിനസുകാരനാണ് പ്രത്യേക ബെജ്വെൽഡ് പ്രൊട്ടക്റ്റീവ് ഫെയ്‌സ്മാസ്‌ക് നിർമ്മിക്കാനുള്ള ആശയം ഇസാഖ് ലെവിയുടെ മുന്നിൽ വെച്ചത്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കമ്പനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു ഈ മാസ്ക് നിർമ്മാണം. കൊവിഡ് വരുത്തിവെച്ച ദുഷ്കരമായ പ്രതിസന്ധി മറികടക്കാൻ ഈ അവസരം കമ്പനി ഉപയോഗപ്പെടുത്തിയതായി റിയാദിലെത്തിയ ജ്വല്ലറി പ്രതിനിധകൾ പറയുന്നു.

The separate parts of the bejeweled mask

മൂന്ന് പാളികളിൽ തീർത്ത മാസ്കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട് ഈ കോടിപതി മാസ്ക്.

The world’s most expensive protective face mask[-]
with box and sanitizer

അപൂർവ മാസ്ക് കാണാൻ റിയാദ് ഫ്രണ്ട്‌ വേദിയിൽ ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ എത്തിയതായി സംഘാടകർ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ 55 റിയാലും വാരാന്ത്യങ്ങളിൽ 110 റിയാലുമാണ് ഇവിടെ പ്രവേശന ഫീസ്