പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസറിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് മെഗാ കാംപയിൻ പദ്ധതിയുമായി സഊദി

0
1238

റിയാദ്: 9 മുതൽ 13 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസറിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള മെഗാ പദ്ധതിയുമായി സഊദി അറേബ്യ. സഊദി പ്രിവന്റീവ് ഹെൽത്ത് ആൻഡ് സാംക്രമിക രോഗങ്ങളുടെ ഉപ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഫ്രിഹ് അസിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിൻ വ്യാപകമായി നൽകുമെന്നും സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ അപകടത്തെ ഇല്ലാതാക്കാൻ എച്ച്പിവി വാക്സിൻ സഹായിക്കുമെന്ന് ഡോ: അസിരി വ്യക്തമാക്കി.

സെർവിക്കൽ ക്യാൻസർ ഏറ്റവും അപകടകരമായ ക്യാൻസറായാണ് കണക്കാപ്പെടുന്നത്. ലോകാരോഗ്യ സംഘടന (WHO) സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുന്നതിനുള്ള ഒരു റിപ്പോർട്ട് നേരത്തെ തയ്യാറാക്കിയിരുന്നു. ആഗോളതലത്തിൽ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണെന്നാണ് കണ്ടെത്തൽ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് മൂന്നിരട്ടി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് തരത്തിലുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് 100-ലധികം വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്ന ഒരു ലൈംഗികമായി പകരുന്ന അണുബാധ കൂടിയാണിത്. ചില സന്ദർഭങ്ങളിൽ, അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്) അണുബാധയ്‌ക്ക് പുറമേ, വ്യക്തിഗത ശുചിത്വത്തിന്റെ അവഗണനയുടെ ഫലമായി സെർവിക്കൽ ക്യാൻസർ ഉണ്ടാകാറുണ്ട്. പുകവലിയും സെർവിക്കൽ ക്യാൻസറിന് കാരണമാകുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.