ഒട്ടാവ: സൂചിയില്ലാതെ കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകുന്നതിനായി പുതിയ സംവിധാനവുമായി കനേഡിയൻ ഡെവലപ്പർമാർ. പ്രത്യേക “റോബോട്ട്” നിർമ്മിച്ചാണ് സൂചി ഉപയോഗിക്കാതെ തന്നെ നേരിട്ട് പേശികളിലേക്ക് ആന്റി-കൊറോണ വൈറസ് വാക്സിൻ കുത്തിവയ്ക്കുന്ന സംവിധാനം വികസിപ്പിച്ചത്.
ഒന്റാറിയോയിലെ വാട്ടർലൂ സർവകലാശാലയിൽ രൂപകൽപ്പന ചെയ്ത റോബോട്ട് “കോബ്”, കൃത്രിമബുദ്ധിയിലൂടെ രോഗിയുടെ ശരീരത്തിൽ വാക്സിൻ കുത്തിവയ്ക്കാൻ അനുയോജ്യമായ സ്ഥലം നിർണ്ണയിക്കുമെന്ന് ഡെവലപ്പർമാർ പറഞ്ഞതായി ബ്രിട്ടീഷ് “ഡെയ്‌ലി മെയിൽ” റിപ്പോർട്ട് ചെയ്തു. ഒരു മുടിയുടെ വീതിയിൽ ചർമ്മത്തിൽ ഒരു തുറസ്സിലൂടെയായിരിക്കും മരുന്ന് കയറ്റുക.
സൂചികൾ ഇല്ലാതെയും മെഡിക്കൽ കെയർ സ്പെഷ്യലിസ്റ്റിന്റെ ആവശ്യമില്ലാതെയും കുത്തിവയ്പ്പ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് റോബോട്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്യൂബോൺസ് സിഇഒ ടിം ലാസ്വെൽ വിശദീകരിച്ചു. രോഗി ഓൺലൈനിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തു ക്ലിനിക്കിൽ ഹാജരായാൽ മതി. ക്യാമറ മുഖേന ആളെ തിരിച്ചറിഞ്ഞ ശേഷം റോബോട്ടിലെ സെൻസറുകൾ LiDAR പ്രോബുകൾ ഉപയോഗിച്ച് മരുന്ന് നൽകേണ്ട സ്ഥലം കണ്ടെത്തി മരുന്ന് നൽകുകയാണ് ചെയ്യുക.
ആൻറി-കൊറോണ വൈറസ് വാക്സിനുകൾ, ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകൾ, ഹോസ്പിറ്റാലിറ്റി, ക്ലീനിംഗ് എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾക്ക് റോബോട്ടിനെ ഉപയോഗിക്കാൻ കഴിയുമെന്ന് ലാസ്വെൽ കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിനുള്ളിൽ ഇത് വാണിജ്യപരമായി ലഭ്യമായേക്കുമെന്നാണ് സൂചന.