റിയാദ്: രാജ്യത്ത് 18 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള വാക്സിൻ നടപടികൾ ആരോഗ്യ മന്ത്രാലയം പുതുക്കി. കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനും ചില വിഭാഗങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് നടപടി. ഇത് പ്രകാരം രണ്ട് വിഭാഗങ്ങൾ രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡയാലിസിസ്, അവയവം മാറ്റിവയ്ക്കൽ രോഗികൾക്ക് രണ്ടാം ഡോസെടുത്ത് ഒരു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അനുവദിക്കുമെന്നും ആരോഗ്യമുള്ള മറ്റു ആളുകൾക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
വാക്‌സിനുകളിൽ നടത്തിയ പഠനങ്ങൾ കാലക്രമേണ അവയുടെ ഫലപ്രാപ്തി കുറയുന്നതായി തെളിയിഞ്ഞതായും അതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഡോസ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ വ്യക്തമാക്കി. രാജ്യത്ത് രണ്ട് ഡോസ് കൊറോണ വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ നിരക്ക് 70 ശതമാനം എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.




