അബ്ഷിറിൽ ഇനി വാഹന റിപ്പയർ പെർമിറ്റും

0
2427

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അബ്ഷിർ പ്ലാറ്റ്ഫോമിൽ ഇനി “വാഹന റിപ്പയർ പെർമിറ്റും”. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ ഉദ്ഘാടനം ചെയ്ത അബ്ഷിറിലെ നിരവധി പുതിയ ഇലക്‌ട്രോണിക് സേവനങ്ങളിലാണ് വാഹന റിപ്പയർ പെർമിറ്റ് കൂടി ഉൾപ്പെട്ടിരിക്കുന്നത്.

പുതിയ “വാഹന അറ്റകുറ്റപ്പണി പെർമിറ്റ്” സേവനം അബ്ഷിറിൽ വന്നതോടെ അപകട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇനി മുതൽ ട്രാഫിക് വകുപ്പ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. നേരത്തെ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസുകളിൽ എത്തി നജ്ം പ്ലാറ്റ്‌ഫോം വഴി പോയി അപ്രൂവൽ വാങ്ങേണ്ടിയിരുന്നു.

ഇത്‌ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ “വാഹന റിപ്പയർ പെർമിറ്റ്” സേവനം ആരംഭിച്ചത്. അതേസമയം, അബ്‌ഷിർ മുഖേന വാഹന റിപ്പയർ പെർമിറ്റ് ലഭിക്കുന്നതിന് എസ്റ്റിമേറ്റുകളും റിപ്പയർ നിരക്കുകളും ഉൾപ്പെടെ അപകടത്തിന്റെ എല്ലാ ഔദ്യോഗിക പേപ്പറുകളും പൂർത്തിയാക്കേണ്ടതുണ്ട്.

നിലവിൽ രാജ്യത്തെ 21 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് 200-ലധികം വ്യത്യസ്ത സേവനങ്ങളാണ് അബ്ഷിർ പ്ലാറ്റ് ഫോം നൽകിവരുന്നത്.