സോഷ്യൽ ഫോറം ഇടപെടൽ; യു പി സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി.

0
805

ഹഫർ അൽബാത്തിൻ: രണ്ടു മാസം മുമ്പ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഉത്തർ പ്രദേശ് സ്വദേശി വസീം അഹ് മദ് ബാദൽ (24) എന്ന യുവാവിന്റെ മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സഹായത്തോടെ നാട്ടിൽ എത്തിച്ചു ഖബറടക്കി.

പതിനാലു മാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വസീമിനെ സ്പോൺസർ തന്റെ കൃഷിയിടത്തിലാണ് ജോലി നൽകിയത്. പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നതും ലഭിച്ച ജോലിയിലുള്ള അമിതഭാരവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് കുടുംബം പറയുന്നത്. ആദ്യ ഘട്ടത്തിൽ സ്പോൺസർ സഹകരിക്കാതിരുന്നതും ഫോറൻസിക് റിപ്പോർട്ട്‌ ലഭിക്കുന്നതിൽ വന്ന കാലതാമസവുമാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ താമസം നേരിട്ടത്.

ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ നൗഷാദ് കൊല്ലം എംബസിയുടെ സഹായത്തോടെ നടത്തിയ നിരന്തര ശ്രമങ്ങൾകൊടുവിലാണ് വസീമിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത്. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പിതാവ്: ബാദൽ അഹ്മദ്, മാതാവ്: ശഹനാജ് ബാനു, അവിവാഹിതനായ വാസീമിന് ഇളയ രണ്ടു സഹോദരൻമാരും രണ്ടു സഹോദരിമാരും ഉണ്ട്.