എക്‌സ്‌പോ 2030; ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഔദ്യോഗികമായി അറിയിച്ച് സഊദി അറേബ്യ

0
2057

റിയാദ്: റിയാദിൽ എക്‌സ്‌പോ 2030 ക്ക് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി അഭ്യർത്ഥന സമർപ്പിച്ച് സഊദി അറേബ്യ. ഉപപ്രധാനമന്ത്രിയും റിയാദ് സിറ്റിക്കായുള്ള റോയൽ കമ്മീഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആണ് ഇക്കാര്യം അറിയിച്ചത്. വേൾഡ് എക്‌സ്‌പോയുടെ സംഘാടക സമിതിയായ ബി ഐ ഇ ക്കാണ് ഔദ്യോഗിക അഭ്യർത്ഥന സമർപ്പിച്ചത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് സെക്രട്ടറി ജനറൽ ദിമിത്രി ക്രെക്കെൻസെസിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2030 ഒക്ടോബർ 1 മുതൽ 2031 ഏപ്രിൽ 1 വരെ എക്സ്പോ നടക്കുന്നത്.

ലോകം ഇന്ന് മാറ്റത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാനം, നാലാം വ്യാവസായിക വിപ്ലവം, സാമൂഹിക നീതി, ആഗോള മഹാമാരി എന്നിവയുടെ വെല്ലുവിളികളുടെ വെളിച്ചത്തിൽ മാനവികത ഒന്നിക്കേണ്ടതിന്റെ അഭൂതപൂർവമായ ആവശ്യത്തെ അഭിമുഖീകരിക്കുകയാണെന്നും മികച്ച മനസ്സും കഴിവുകളും ഉപയോഗിച്ച് ഈ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും അവസരങ്ങൾ മുതലെടുക്കാനും ലോകം കൂട്ടായി പ്രവർത്തിക്കണമെന്നും കിരീടവകാശി പറഞ്ഞു.