തിരുവനന്തപുരം: ദക്ഷിണ കൊറിയയിൽ ഉള്ളി കൃഷി ചെയ്യാൻ താൽപ്പര്യത്തിൽ ആദ്യഘട്ടത്തിൽ എത്തിയത് എഴുനൂറു പേർ. ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ എങ്ങനെയെങ്കിലും ജോലി ലഭിച്ചാൽ മതിയെന്ന ആഗ്രഹത്തോടെയാണ് മലയാളികൾ സ്വന്തം നാട്ടിലെ കൃഷിക്ക് തൂമ്പയെടുത്തില്ലെങ്കിലും അന്യനാട്ടിൽ ഉള്ളികൃഷിക്കായി പോകാൻ തയ്യാറായി എത്തിയത്. പക്ഷേ, നിബന്ധനകൾ കേട്ടതോടെ പലരുടെയും മുഖം വാടി, ചിലർ ഹാൾ വീട്ടിറങ്ങുകയും ചെയ്തു. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.

കൊടുംതണുപ്പത്ത് 9 മണിക്കൂർ നേരത്തെ വിശ്രമമില്ലാത്ത പണി, മാസത്തിൽ 2 ദിവസം മാത്രം അവധി എന്നിവ തരണം ചെയ്ത് വേണം തൊഴിലിൽ ഏർപ്പെടാൻ. പത്താം ക്ലാസ് യോഗ്യത, 1.12 ലക്ഷം രൂപ പ്രതിമാസശമ്പളം, 60% സ്ത്രീകൾക്കായി സംവരണം. കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണന. 25–40 പ്രായപരിധി, ഇതൊക്കെയായിരുന്നു അപേക്ഷിക്കാനുള്ള മറ്റു യോഗ്യതകൾ.

സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റിനു മുന്നോടിയായി സെമിനാർ സംഘടിപ്പിച്ചത്. എഴുന്നൂറോളം പേരാണ് 100 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ മൂന്നു ബാച്ചുകളായി നടത്തിയ സെമിനാറിൽ പങ്കെടുത്തത്. 100 വനിതകളും എത്തിയിരുന്നു. നിബന്ധകളും ജോലിയുടെ സ്വഭാവവും അറിഞ്ഞതോടെ മുപ്പതുപേർ സ്ഥലം ഉടൻ സ്ഥലം കാലിയാക്കി. 670 ഓളം പേര്‍ യോഗ്യത നേടാനായി കാത്തിരിക്കുന്നുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും അടക്കം യോഗ്യതയുള്ളവരാണ് സെമിനാറില്‍ പങ്കെടുക്കാനായി എത്തിയത്. മറ്റു ജില്ലകളിൽ നിന്നടക്കം രാവിലെ തന്നെ എത്തി സെമിനാർ ഹാളിലേക്ക് ഇടിച്ചു കയറാനുള്ള തൊഴിലന്വേഷകരുടെ ശ്രമം നിയന്ത്രിക്കാൻ സംഘാടകർ പാടുപെട്ടു. ബാച്ചുകളായാണ് സെമിനാർ നടത്തിയത്.
ദക്ഷിണ കൊറിയയിലെ കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, കാലാവസ്ഥ, തൊഴിൽ മേഖല തുടങ്ങിയവയെക്കുറിച്ച് അറിവു നൽകുകയായിരുന്നു ലക്ഷ്യം. ജോലി സമയം, അവധി, ഭക്ഷണം, കാലാവസ്ഥ, ശമ്പളം എന്നിവയെക്കുറിച്ചായിരുന്നു ഭൂരിഭാഗം പേർക്കു അറിയേണ്ടത്. കടുത്ത തണുപ്പിന്റെ കാര്യവും എല്ലു വെള്ളമാക്കുന്ന പണി രീതികളും കൂടി പറഞ്ഞതോടെയാണ് 30 പേർ ഹാളിൽ നിന്നിറങ്ങിയത്. ഒഡെപെക് എംഡി കെ.എ.അനൂപ് മറുപടി പറഞ്ഞു. നിയമനം നൽകുന്നതു തൊഴിൽദാതാവായ കൊറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആണെന്നും അധികൃതർ പറഞ്ഞു. അടുത്ത സെമിനാർ നാളെഎറണാകുളം ടൗൺഹാളിൽ നടക്കും. 100 പേർക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം.




