റിയാദ്: സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി 1,000 പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനം ആരംഭിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രി എൻജിനീയർ അബ്ദുൾ റഹ്മാൻ അൽ-ഫദ്‌ലി വെളിപ്പെടുത്തി. പുതിയ പദ്ധതികളിലൂടെ രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ എണ്ണം 1,564 ആയി ഉയരും. ചൊവ്വാഴ്ച കെയ്‌റോ ജലവാരത്തോടനുബന്ധിച്ച് ലോക ജലവികസന റിപ്പോർട്ടിന്റെ അറബി പതിപ്പിന്റെ പ്രകാശന വേളയിൽ മന്ത്രിയെ പ്രതിനിധീകരിച്ച് ജലവകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൾ അസീസ് അൽ-ഷൈബാനിയാണ് പ്രസംഗിച്ചത്. പുതിയ അണക്കെട്ടുകൾ വരുന്നതോടെ രാജ്യത്തെ ഡാമുകളുടെ മൊത്തം സംഭരണശേഷി 2.6 ബില്യൺ ക്യുബിക് മീറ്ററായി ഉയർത്തും.
ജലസേചന പ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം തടയൽ, നഗര ഉപയോഗത്തിന്റെ ആവശ്യം നിറവേറ്റൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഡാമുകൾ സഹായിക്കും. നിരവധി അണക്കെട്ടുകളിൽ 46 ജല ശുദ്ധീകരണ പ്ലാന്റുകൾ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിൽ നിന്നും പ്രതിദിനം 740,000 ക്യുബിക് മീറ്റർ ഉൽപാദന ശേഷിയാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വരണ്ട ചുറ്റുപാടുകളുള്ള രാജ്യങ്ങൾ ജല വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ജലസ്രോതസ്സുകളുടെ ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ ജലമേഖലയിലെ എല്ലാ ആശങ്കകളും പോരായ്മകളും അടങ്ങുന്നതായിരുന്നു സഊദിയുടെ റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വരണ്ടതും ദുർലഭവുമായ രാജ്യമാണ് സഊദിയെന്നും സ്ഥിരമായി ഒഴുകുന്ന നദികളില്ലെന്നും, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും പുനരുൽപ്പാദിപ്പിക്കാനാവാത്ത ഭൂഗർഭജലത്തിൽ നിന്നാണ് വരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കിണർ ഫീൽഡുകൾ, ഡീസലിനേഷൻ പ്ലാന്റുകൾ, അണക്കെട്ടുകൾ, തന്ത്രപ്രധാനമായ സംഭരണ സൗകര്യങ്ങൾ, തുടങ്ങിയ ഭീമാകാരമായ ജലപദ്ധതികൾ നടപ്പാക്കി, ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്ക് ആവശ്യമായ തന്ത്രങ്ങളും പദ്ധതികളും അംഗീകരിച്ച ഭരണകൂടം ജലമേഖലയ്ക്ക് പരിധിയില്ലാത്ത ശ്രദ്ധയും പിന്തുണയും നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.