റിയാദ്: സഊദി അറേബ്യയില്‍ ഉടൻ തന്നെ 40 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും സഊദി തൊഴില്‍ മന്ത്രി അഹ്‌മദ് അല്‍ രാജ്ഹിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് അബുദാബി ഡയലോഗില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ എത്തിയതായിരുന്നു അദ്ദേഹം. സഊദി നടപ്പാക്കുന്ന വിഷന്‍ 2030 അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിദഗ്ദ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് അവര്‍ നേടിയ കഴിവുകള്‍ പരസ്പരം കൈമാറുന്നതിന് സഊദിയുമായി ഇന്ത്യ ധാരണയിലായെന്നും ഇതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനാണ് ധാരണയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
25 ന് തുടങ്ങിയ അബുദാബി ഡയലോഗിൽ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരും 12 ഏഷ്യന്‍ രാജ്യങ്ങളിലെ മന്ത്രിമാരുമാണ് പങ്കെടുക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ്, ചൈന, ഇന്തോനേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളാണ് അബുദാബി ഡയലോഗിൽ പങ്കെടുക്കുന്നത്. പരിപാടി 29 ന് അവസാനിക്കും.
