മസ്‌കറ്റ്: ഒമാനിൽ വിദേശികളായ താമസക്കാരുടെ റസിഡൻസ് കാർഡിെൻറ കാലാവധി മൂന്നു വർഷമായി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തിയ തീരുമാനം ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷാരീഖിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. കാർഡ് എടുക്കാൻ വ്യക്തികൾ നേരിട്ട് ഹാജരാകണം. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഇതിൽ ഇളവുകൾ അനുവദിച്ചേക്കും.
നിലവിൽ രണ്ടു വർഷമാണ് റസിഡൻസ് കാർഡിെൻറ കാലാവധി. മുപ്പത് ദിവസത്തിനുള്ളിൽ നൽകുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തത്. പുതിയ റസിഡൻസ് കാർഡ് എടുക്കാൻ മൂന്നുവർഷത്തേക്ക് 15 റിയാലാണ് ഈടാക്കുന്നത്. രാജ്യത്തിന് പുറത്തു നിന്നുള്ള പത്തു വയസ്സിന് മുകളിലുള്ളവർ സുൽത്താനേറ്റിൽ പ്രവശിച്ച് മുപ്പതു ദിവസത്തിനുള്ളിൽ റസിഡൻസ് കാർഡ് എടുത്തിരിക്കണമെന്നും ഭേദഗതി ചെയ്ത സിവിൽ സ്റ്റാറ്റസ് നിയമത്തിൽ പറയുന്നു.
പത്ത് വയസ്സിനു മുകളിലുള്ള സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. കലാവധി അഞ്ചു വർഷമായിരിക്കും. പത്തു വയസ്സിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാണെന്നും ഇവ എടുക്കാത്ത പക്ഷം ഓരോ മാസവും അഞ്ച് റിയാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്




