റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അറാംകൊക്കു കീഴിലെ ആദ്യ പെട്രോള്‍ ബങ്കുകള്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്ധനം വിതരണം ചെയ്യാൻ 2019 ൽ സഊദി അരാംകോയും ടോട്ടൽ എനർജിയും തമ്മിൽ ഒപ്പിട്ട സംയുക്ത കരാറിന്റെ അടിസ്ഥാനത്തിലാണ് റിയാദിലും കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലുമായി രണ്ട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തത്.
സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഉയര്‍ന്ന ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാന്‍ മികച്ച നിലവാരത്തിലുള്ള പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്താകമാനമായി ഇരു കമ്പനികളും ഏറ്റെടുത്ത 270 സർവീസ് സ്റ്റേഷനുകൾ നവീകരിക്കാനും എല്ലാ പ്രദേശങ്ങളിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ഗുണനിലവാരമുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജീവിത ഗുണമേന്മ ഉയര്‍ത്തുന്നതിലും മാതൃകാ പെട്രോള്‍ ബങ്കുകള്‍ സ്ഥാപിക്കുന്നതിലൂടെ സാങ്കേതികവിദ്യാ, സുസ്ഥിരതാ നിലവാരം മെച്ചപ്പെടുത്തുന്നതിലും സേവന നിലവാരം ഉയര്‍ത്തുന്നതിലും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് റിയാദില്‍ ആദ്യ പെട്രോള്‍ ബങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ സഊദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എഞ്ചിനീയർ അമീന്‍ അല്‍നാസിര്‍ പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ ശുദ്ധവും വിശ്വസനീയവുമായ ഇന്ധനമൊരുക്കുമെന്ന് ടോട്ടൽ എനർജി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാട്രിക് ബോയാനിയും പറഞ്ഞു.

കിഴക്കൻ ഏഷ്യയിലും വടക്കേ അമേരിക്കയിലും ആയിരക്കണക്കിന് ഇന്ധന സ്റ്റേഷനുകൾ സഊദി ആരാംകോയ്ക്കുണ്ട്. 1960 ൽ നിർത്തലാക്കിയ ശേഷം ഇതാദ്യമായാണ് കമ്പനി തങ്ങളുടെ ബ്രാൻഡിൽ ഇന്ധനം സഊദിയിൽ വിൽക്കുന്നത്. സഊദി ആരാംകോയും ടോട്ടൽ എനർജിയും സംയുക്തമായ സംരംഭത്തിലുടെ സഊദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നതായി സഊദി ആരാംകോ പ്രസിഡൻറ് പറഞ്ഞു. രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഇന്ധനം, എണ്ണ മാറ്റം, വാഷിങ് തുടങ്ങിയ ഉയർന്ന സേവനങ്ങൾ കേന്ദ്രങ്ങൾ നൽകും. ഗ്രീൻ സഊദി സംരംഭത്തിെൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സ്റ്റേഷനുകളിൽ സോളാർ പാനലുകളും സജ്ജീകരിച്ചതായും ടോട്ടൽ എനർജി പ്രസിഡൻറ് പറഞ്ഞു.




