റിയാദ്: മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേറ്റീവ് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹിയാണ് ഈ രണ്ട് മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം മൂലം മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപെടും. രാജ്യത്തെ യുവതി യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകി ശാക്തീകരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ പങ്കാളിത്തത്തിന്റെ നിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികൾക്കിടയിലാണ് ഈ നടപടിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാർക്കറ്റിംഗ് പ്രൊഫഷനുകളുടെ പ്രാദേശികവൽക്കരണം 30 ശതമാനമാണ് നടപ്പാക്കേണ്ടത്. മാനേജർ, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പരസ്യ, പബ്ലിക് റിലേഷൻസ് ഡയറക്ടർ, മാർക്കറ്റിംഗ് വിൽപ്പന വിദഗ്ധൻ, പരസ്യ ഡിസൈനർ, വാണിജ്യ പരസ്യങ്ങൾക്കുള്ള ഫോട്ടോഗ്രാഫർ എന്നിവയാണ് സഊദി വത്കരിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് ജോലികൾ സഊദികളിൽ തർജമ, സ്‌റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികളിൽ ആണ് സ്വദേശി വത്കരിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ 20,000 സ്വദേശികൾക്കും മാർക്കറ്റിംഗ് മേഖലകളിൽ 12,000-ത്തിലധികം സ്വദേശി യുവതി യുവാക്കൾക്കും ഇത് മൂലം തൊഴിൽ ലഭ്യമാകുമെന്നും മന്ത്രാലയം പറഞ്ഞു.
രണ്ട് മേഖലകളിലെയും സ്വദേശി വത്കരണ തീരുമാനം അടുത്ത വർഷം 2022 മെയ് 8 മുതൽ പ്രാബല്യത്തിൽ വരുമെന്നും സഊദി വത്കരണം കണക്കാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 5,500 റിയാലായും നിശ്ചയിച്ചതായും മന്ത്രാലയം അറിയിച്ചു.





