ഇലക്ട്രോണിക് പാസ്‌പോർട്ട് അവതരിപ്പിക്കാനൊരുങ്ങി സഊദി അറേബ്യ, ഉടൻ പ്രാബല്യത്തിൽ വരും

0
2926

ജിദ്ദ: സമീപഭാവിയിൽ സഊദി പൗരന്മാരുടെ പാസ്‌പോർട്ടുകൾക്ക് പകരം മെഷീൻ റീഡബിൾ പാസ്‌പോർട്ട് (എംആർപി) നൽകുമെന്ന് സാങ്കേതിക കാര്യങ്ങളുടെ ആഭ്യന്തര സഹമന്ത്രി പ്രിൻസ് ബന്ദർ ബിൻ അബ്ദുള്ള അൽ മഷാരി പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ ഇലക്ട്രോണിക് പാസ്‌പോർട്ട് സേവനം ആരംഭിക്കുമെന്ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ദുബായ് GITEX ടെക്നോളജി വീക്ക് 2021 ൽ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയൻ സന്ദർശിക്കവേ അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക മെഷീൻഉപയോഗിച്ച് വായിക്കാവുന്ന പാസ്‌പോർട്ട് ഉടമയുടെ ഡാറ്റ അടങ്ങുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തിയുള്ള പാസ്പോർട്ട് ആയിരിക്കും അവതരിപ്പിക്കുക. ബന്ദർ രാജകുമാരൻ പറഞ്ഞു. സിവിൽ സ്റ്റാറ്റസ് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ലോകത്തെവിടെ നിന്നും സഊദി പൗരന്മാരുടെ ദേശീയ ഐഡി പുതുക്കുന്നതിനുള്ള സേവനവും കൊണ്ട് വരുന്നുണ്ട്. എംബസികൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ഡിജിറ്റൽ വിസ നൽകുമ്പോൾ ബയോമെട്രിക്സും വിരലടയാളവും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

“സുരക്ഷിതമായ മാതൃരാജ്യത്തിന് സാങ്കേതിക പരിഹാരങ്ങൾ” എന്ന മുദ്രാവാക്യമുയർത്തി അഞ്ച് പ്രധാന മേഖലകളിൽ ഊന്നിയാണ് GITEX പരിപാടിയിൽ ആഭ്യന്തര മന്ത്രാലയം ഈ വർഷം പങ്കെടുത്തത്. മന്ത്രാലയത്തിന്റെ അബ്‌ഷിർ പോർട്ടലിലൂടെയുള്ള സാങ്കേതികവിദ്യയുടെ മികച്ച സേവനങ്ങളും പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.