റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പെടെ സഊദിയിലേകുള്ള രാജ്യങ്ങൾക്കുമുള്ള യാത്രാ വിലക്ക് നീക്കിയെന്ന് വ്യാജ പ്രചരണം. ഇന്ത്യക്കാർക്ക് ഇനി മുതൽ നേരിട്ട് സഊദിയിലേക്ക് എത്താമെന്ന തരത്തിലാണ് സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചാരണം കൊഴുക്കുന്നത്. നേരിട്ടുള്ള വിമാന സർവ്വീസ് പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് ആളുകളെ വട്ടം കറക്കിയാണ് ഒക്ടോബർ 20 മുതൽ യാത്രാ വിലക്ക് നീക്കം ചെയ്തു എന്നെഴുതിയ അറബിയിലുള്ള വ്യാജ
പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ അടക്കം ഉൾപ്പെടുത്തിയ അറബിക് പോസ്റ്റർ ആണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, സഊദി ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള ഒരു തീരുമാനവും ഇപ്പോൾ കൈകൊണ്ടിട്ടില്ലെന്നതാണ് വസ്തുത. ആഭ്യന്തര മന്ത്രാലയ ഔദ്യോഗിക അക്കൗണ്ടുകളിലും മറ്റു ഔദ്യോഗിക മാധ്യമങ്ങളിലും ഇത്തരത്തിൽ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ല.

അതേസമയം, സഊദിയിൽ കേസുകൾ വളരെ ഗണ്യമായി കുറഞ്ഞതിനു പിന്നാലെ ജന ജീവിതം സാധാരണ നിലയിലേക്ക് ആയതും റിയാദ് സീസൺ ഫെസ്റ്റ് പോലുള്ള പൊതു പരിപാടികൾ വ്യാപകമായി എത്തുന്നതും അനുകൂല ഘടകങ്ങളായി കാണാനാവുന്നതാണ്. ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നതോടൊപ്പം ഈ മാസം നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന ഇന്ത്യൻ അംബാസഡറുടെ കഴിഞ്ഞ മാസത്തെ പ്രസ്താവനയും പ്രവാസികൾക്ക് ഏറെ പ്രതീക്ഷക്ക് വക നൽകുന്നതാണ്.




