സ്വിഹതി ആപിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ അപ്പോയ്ന്റ്മെന്റ് സംവിധാനം

0
2970

റിയാദ്: സഊദിയിൽ സ്വിഹതി ആപിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യാനായുള്ള അപ്പോയ്ന്റ്മെന്റ് സംവിധാനം നിലവിൽ വന്നു. മൂന്നാമത്തെ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് റിസർവ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇന്ന് മുതൽ ആപ്ലിക്കേഷനിൽ സംവിധാനിച്ചിരിക്കുന്നത്. നിലവിൽ മലയാളികളിൽ പലരും ഇപ്പോൾ തന്നെ ബൂസ്റ്റർ ഡോസിന് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അടുത്തിടെ ചില ഹൈ റിസ്ക് ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസ് എടുക്കുന്നത് വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ആരോഗ്യ പ്രവർത്തകർ എന്നീ വിഭാഗത്തിലേക്ക് കൊറോണ വാക്സിൻ മൂന്നാം ഡോസ് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അതേസമയം, സ്വിഹത്തി ആപ്പിൽ അപ്പോയിന്റ്മെന്റ് സംവിധാനം നിലവിൽ വന്നുവെങ്കിലും എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ഔദ്യോഗികമായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സ്വിഹത്തി ആപ്പിൽ ഇപ്പോൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവരിൽ രണ്ടാം ഡോസിന് ശേഷമുള്ള കാല പരിധി കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ ഡോസിന് അപ്പോയിന്റ്മെന്റ് എടുക്കാനാകും. എന്നാൽ സമയപരിധി കഴിയാത്തവർക്ക് അവരുടെ സമയ പരിധി കണക്കാക്കി കൊണ്ടുള്ള സന്ദേശമാണ് കാണിക്കുന്നത്. ആപ്പിൽ കാണിക്കുന്ന തിയ്യതിക്ക് ശേഷം ബുക്ക് ചെയ്യാമെന്ന സന്ദേശവും കാണാനാകും.