റിയാദ്: സഊദിയിൽ 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ സ്കൂളുകൾ തുറക്കൽ നീട്ടി വെക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഈ ഗ്രൂപ്പുകളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ മാനിച്ചാണ് ഒക്ടോബർ 31 ന് പുനരാരംഭിക്കുന്നത് നിശ്ചയിച്ചിരുന്ന 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ ഓഫ്‌ലൈൻ ക്ലാസുകൾ നീട്ടിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

പ്രൈമറി വിദ്യാർത്ഥികൾക്കായി “മദ്രസതി” പോർട്ടലും കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്കുള്ള “റൗദതി” പോർട്ടലും വഴി ഓൺലൈൻ പഠനം നൽകുന്നത് തുടരാനാണ് തീരുമാനം.
അതേസമയം, വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പൂർണമായും കുത്തിവയ്പ് നടത്തിയ ഇന്ററിമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾക്കും സുഗമമായ വിദ്യാഭ്യാസ പ്രക്രിയ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊതു വിദ്യാഭ്യാസ വക്താവ് കൂട്ടിച്ചേർത്തു.