സഊദിയിൽ തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ, മറ്റുള്ളവരുടെ വസ്തുക്കൾ കൈപ്പറ്റുന്നതും നിയമ വിരുദ്ധം

0
1550

റിയാദ്: സഊദിയിൽ തപാൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് 5 മില്യൺ റിയാൽ വരെ പിഴ ചുമത്തപ്പെടും. അനുബന്ധ ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. നിയമ ലംഘകർക്ക് ഭീമമായ പിഴകൾ കൂടാതെ മറ്റ് ശിക്ഷാനടപടികളും ലഭിക്കും. നിയമലംഘനത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിന്റെ സേവനം നിർത്തിവക്കുകയും മൂന്ന് വർഷം വരെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

കുറ്റം ചെയ്യുന്നത് തുടരുകയാണെങ്കിൽ ഓരോ ദിവസവും ലംഘനത്തിന് പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴയും ഇരട്ടിയാക്കും. നിരോധിത വസ്തുക്കളോ പൊതു നിയമം ലംഘിക്കുന്നതോ രാജ്യത്തിന്റെ പ്രശസ്തിയും സുരക്ഷയോ ബാധിക്കുന്നതോ ആയ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകളെ തപാൽ, പാഴ്സൽ ഗതാഗത സേവനങ്ങൾ നൽകുന്നവർ അറിയിക്കണം.

തപാൽ സാമഗ്രികൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സേവനദാതാക്കൾ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. അതേസമയം, അയച്ച തപാൽ ഇനങ്ങളുടെ സ്റ്റാറ്റസ് നിശ്ചിത സമയത്തിനുള്ളിൽ അന്വേഷിക്കാൻ ഗുണഭോക്താവിനും അവകാശമുണ്ട്.

തന്റേതല്ലാത്ത പാഴ്സൽ ആർക്കെങ്കിലും ലഭിക്കുകയോ അല്ലെങ്കിൽ നിയമ വ്യവസ്ഥകൾ ലംഘിച്ച് അത് സ്വീകരിക്കുകയോ ചെയ്താൽ, അയാൾ ഉടൻ തന്നെ സേവന ദാതാവിനെ അറിയിക്കുകയും സേവന ദാതാക്കൾ പാഴ്‌സൽ തിരിച്ചെടുക്കുകയും വേണം. അല്ലെങ്കിൽ തപാൽ നിയമ ലംഘനത്തിൽ ഉൾപ്പെടും.