സഊദിയിൽ സന്ദർശക വിസക്കാർക്കും കൊവിഡ് വാക്‌സിൻ ബുക്ക് ചെയ്യാം

0
1689

റിയാദ്: സഊദിയിൽ സന്ദർശക വിസകളിൽ ഉള്ളവർക്ക് കൊവിഡ് വാക്‌സിന് ബുക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. സന്ദർശക വിസക്കാർക്ക്
കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഡോസുകൾക്കായി രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്‌തത്‌.

സന്ദർശക വിസക്കാർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുമെന്ന് പത്രം വെളിപ്പെടുത്തി. ഓരോ പ്രദേശത്തെയും പ്രത്യേക വാക്‌സിൻ കേന്ദ്രങ്ങൾ അറിയാൻ 937 ബന്ധപ്പെടാനാണ് നിർദേശം. സഊദി അറേബ്യയിൽ അംഗീകരിച്ച കൊറോണ വാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നത് പൗരന്മാർക്കും താമസക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് വിഭാഗങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ ഇത് ആ സമയത്ത് അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ചിലയിടങ്ങളിൽ സന്ദർശക വിസക്കാർക്ക് വാക്‌സിൻ നൽകിയിരുന്നെകിലും ഇത് വ്യാപകമായിരുന്നില്ല. ഇപ്പോൾ സഊദിയിൽ കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി നേടിയതിന് ശേഷമാണ് സന്ദർശക വിസക്കാർക്കും ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാതായി അറിയിച്ചത്. വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം ഇന്നുവരെ ഏകദേശം 44.5 ദശലക്ഷം ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്, ഇതിൽ 23.9 ദശലക്ഷം ആദ്യ ഡോസുകളും 20.6 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.