മക്ക: രണ്ടാമത്തെ ഉംറ നിര്‍വഹിക്കാന്‍ ഇനി 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ഉംറ നിര്‍വഹിക്കാന്‍ 15 ദിവസം കാത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ ഒരു ഉംറ പെര്‍മിറ്റ് നേടിയ ശേഷം വീണ്ടും പെര്‍മിറ്റ് നേടാന്‍ 15 ദിവസം കഴിയേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇതോടൊപ്പം, റൗദ ശരീഫില്‍ നിസ്‌കാരത്തിന് ബുക്ക് ചെയ്യാന്‍ മുപ്പത് ദിവസം കഴിയണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
വിശുദ്ധ ഹറമില്‍ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിലാണ് ഈ നിബന്ധന റദ്ദാക്കിയിരിക്കുന്നത്. തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പ് മുഖേന 15 ദിവസം കാത്തിരിക്കാതെ തന്നെ ഇപ്പോൾ ഉംറക്കും ഒരു മാസത്തെ ഇടവേളയില്ലാതെ റൗദ ശരീഫ് നിസ്കാരത്തിനും ബുക്ക് ചെയ്യാം.