റിയാദ്: കൊവിഡ് -19 പകർച്ചവ്യാധി മൂലം റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പുറത്തിറക്കി. യാത്രക്കാർക്ക് ആവശ്യമായ തിരഞ്ഞെടുപ്പ് അവകാശം നൽകുക, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും നിലനിർത്തുക, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ലക്ഷ്യമാകിയാണ് പുതിയ തീരുമാനം.
കൊവിഡ് -19 മഹാമാരി കാരണം സർവ്വീസുകൾ റദ്ദാക്കിയ വിമാന കമ്പനികൾ യാത്രക്കാരുടെ സാഹചര്യങ്ങളെ പുതിയ മാനദണ്ഡം പ്രകാരം കണക്കാക്കണമെന്ന് പുതിയ ഗാക സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. യാത്രക്കാരൻ കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ടിക്കറ്റുകളുടെ മൂല്യം തിരികെ നൽകകണം. യാത്രക്കാരന് വിമാന കമ്പനി ഒരു എക്സ്ചേഞ്ച് വൗച്ചർ നൽകുകയാണെങ്കിൽ യാത്രക്കാരന്റെ ആഗ്രഹപ്രകാരം വീണ്ടും ഉപയോഗിക്കാനോ തിരിച്ച് നൽകാനോ സാധിക്കണം. എന്നാൽ, അധിക തുകകളോ ഫീസോ പുനർ ഉപയോഗത്തിനോ വീണ്ടെടുപ്പിനോ ഈടാക്കാൻ പാടില്ല.
യാത്രക്കാരൻ തന്റെ ഫ്ലൈറ്റ് ഷെഡ്യുൾ ഒരേ സെക്റ്ററിൽ പുനക്രമീകരിക്കുകയാണെങ്കിൽ, ഏതെങ്കിലും അധിക തുകകളോ ഫീസുകളോ ഈടാക്കാൻ പാടില്ല. എന്നാൽ, യാത്രക്കാരൻ സെക്റ്റർ മാറ്റാൻ ആവശ്യപ്പെടുകയാണെങ്കിൽ, വിമാനക്കമ്പനിക്ക് പുനഃക്രമീകരിക്കുന്നതിനോ ഇഷ്യു ചെയ്യുന്നതിനോ മറ്റേതെങ്കിലും ഫീസ് ചേർക്കാതെ നിരക്ക് വ്യത്യാസം മാത്രം ശേഖരിക്കാൻ അവകാശം ഉണ്ടാകും.





