റിയാദ്: വിദേശത്തുള്ളവർക്ക് തട്ടിപ്പ് നടത്താൻ മൊബൈൽ സിമ്മുകൾ എടുത്തു നൽകുന്ന വിദേശികൾ സഊദിയിൽ അറസ്റ്റിൽ. രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്ക് വഞ്ചനയും തട്ടിപ്പുകളും നടത്താൻ പ്രാദേശിക സിം കാർഡുകൾ ഉപയോഗിക്കാൻ സജ്ജമാക്കി നൽകുന്ന നാല് പ്രവാസികളെയാണ് റിയാദിൽ അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.
അതിർത്തി ലംഘകരായ മൂന്ന് യമനി പൗരന്മാരും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് അറസ്റ്റിലായത്. ഇരുപതിനും മുപ്പതിനും ഇടയിലുള്ളവരാണ് പ്രതികൾ. രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്ക് പ്രാദേശിക സിം കാർഡുകൾ ഉപയോഗിക്കുന്നതിന് സിംകാർഡുകൾ സജ്ജമാക്കി നൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. തുടർന്ന് ഈ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകൾ വഴിയും മറ്റും സാമ്പത്തിക തട്ടിപ്പുകളും അഴിമതികളും നടത്തുകയായിരുന്നു സംഘം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റുള്ളവരുടെ ഫിംഗർ പ്രിന്റുകളും ഇഖാമകളും ഉപയോഗിച്ച് അനധികൃതമായി സിംകാർഡുകൾ കരസ്ഥമാക്കുന്ന സംഘത്തെയും പോലീസ് റിയാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തങ്ങളുടെ പേരിൽ അറിയാതെ സിം കാർഡുകൾ ആക്റ്റിവ് ആയിട്ടുണ്ടോ എന്ന് പ്രവാസികൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ നാം അറിയാതെ സിംകാർഡുകൾ ആക്റ്റിവ് ആക്കിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അത് ക്യാൻസൽ ചെയ്യേണ്ടതാണ്. അതിനായി സിഐടിസി സൈറ്റിൽ സംവിധാനം ലഭ്യമാണ്. അതിനായി https://www.citc.gov.sa/en/Pages/default.aspx സൈറ്റിൽ കയറി ലോഗിൻ ചെയ്തു പരിശോധിക്കാവുന്നതാണ്.