ചെങ്കടൽ വികസന പദ്ധതി ഉപദേശക സമിതിയിൽ മാലിദ്വീപ് മുൻ പ്രസിഡന്റ് ഡോ: മുഹമ്മദ് വഹീദ് ഹസ്സനും

0
1902

ജിദ്ദ: സഊദിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ ചെങ്കടൽ വികസന പദ്ധതിയുടെ ആഗോള ഉപദേശക സമിതിയിലേക്ക് മുൻ മാലിദ്വീപ് പ്രസിഡന്റ് ഡോ: മുഹമ്മദ് വഹീദ് ഹസ്സനെയും കൂടി ഉൾപ്പെടുത്തി. പത്തംഗ അംഗ ആഗോള ഉപദേശക സമിതിയിൽ മുഹമ്മദ് വഹീദ് ഹസ്സനെ ഉൾപ്പെടുത്തിയതായി ചെങ്കടൽ വികസന കമ്പനിയാണ് ഇന്ന് വെളിപ്പെടുത്തിയത്. ആഗോള ടൂറിസം രംഗത്ത് ഏറെ മുന്നേറുന്ന മാലിദ്വീപ് രാജ്യത്തെ നയിച്ച പരിചയം ചെങ്കടൽ ടൂറിസം രംഗത്തും ഏറെ ഗുണം ചെയ്യുമെന്നതിനെ തുടർന്നാണ് പുതിയ നിയമനം. കൂടാതെ, ദി റിറ്റ്സ്-കാൾട്ടൺ ഹോട്ടലുകളുടെ സഹസ്ഥാപകനും കാപ്പെല്ല ഹോട്ടൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഹോർസ്റ്റ് ഷൂൾസിനെയും ഉപദേശക സമിതിയിൽ നിയമിച്ചിട്ടുണ്ട്.

മാലിദ്വീപിന്റെ മുൻ പ്രസിഡന്റിനെയും ദി റിറ്റ്സ്-കാൾട്ടൺ ഹോട്ടലുകളുടെ സഹസ്ഥാപകനും കാപ്പെല്ല ഹോട്ടൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഹോർസ്റ്റ് ഷൂൾസിനെയും ഉപദേശക സമിതിയിൽ നിയമിച്ചതിൽ കമ്പനി സന്തോഷം പ്രകടിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ, കമ്പനി അതിന്റെ ഉപദേശക സമിതിയിലേക്ക് ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലെ രണ്ട് വിദഗ്ധരെ കൂടി നിയമിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടൻ ടൂറിസം മേഖലയിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഫ്രാൻസെസ്-ആൻ കീലറും ആഡംബര ബ്രാൻഡിംഗ് സ്ഥാപകനായ പിയേഴ്സ് ഷ്മിഡുമാണ് ഉപദേശക സമിതിയിലെ മറ്റു പ്രമുഖ രണ്ടംഗങ്ങൾ. ഈ രണ്ട് പുതിയ അംഗങ്ങൾക്കും ഈ മേഖലയിൽ 50 വർഷത്തിലേറെ പരിചയമുണ്ടെന്നും ചെങ്കടൽ പദ്ധതിയിൽ അവർ നിർണായക പങ്ക് വഹിക്കുമെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.