മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനമായി കെഎംസിസി

0
16412

ജിദ്ദ: പന്ത്രണ്ട് വർഷം മുമ്പ് മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനക്കും മക്കൾക്കും സ്വാന്തനമായി കെഎംസിസി. പ്രതീക്ഷകളറ്റ 12 വര്‍ഷക്കാലം ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അനുഭവിച്ച മുഅ്മിന എന്ന ഉമ്മയുടെ നീറുന്ന നിരവധി ചോദ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇവരുടെ ദുരിത കഥക്ക് അൽപ്പം ആശ്വാസം പകരാൻ കെഎംസിസി രംഗത്തിറങ്ങുന്നത്. ഇനി മുമ്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി ഇവരുടെ ജീവിത കഥ പുറത്ത് വന്നതോടെയാണ് മുഅ്മിനക്ക് പുറമെ ഏഴു മക്കളുടെ കണ്ണെത്താ ദുരിതത്തിന്റെ വ്യാപ്തി ലോകം അറിയുന്നത്. പിതാവിന്റെ സ്‌നേഹവാത്സല്യം തീവ്രമായി ആഗ്രഹിക്കുന്ന മക്കൾ ഉമ്മക്കൊപ്പം ഇട്ടെറിഞ്ഞു പോയ തങ്ങളുടെ പ്രാണനായ ഉപ്പ മടങ്ങി വരുമെന്ന് കാത്തിരിക്കുകയാണിപ്പോഴും. മക്കളെ ആശ്വസിപ്പിക്കാന്‍ ഒരു പൊയ്‍‍വാക്ക് പറയാന്‍ പോലും അവരുടെ ഉമ്മ മുഅ്മിനയ്ക്ക് ഇപ്പോൾ കഴിയുന്നില്ല.

സൊമാലിയന്‍ സ്വദേശിയായ മുഅ്മിനയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഒരു മലയാളിയാണ് അബ്ദുല്‍ മജീദ്. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്നാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ ജിദ്ദയിലേക്ക് താമസം മാറി. കുടുംബത്തിനൊപ്പം ജീവിതം മുമ്പോട്ട് പോകുന്നതിനിടെയാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദ് അവിചാരിതമായി മുഅ്മിനയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. 

സുഹൃത്തിന്റെ കടയിലെ പരിചയം പിന്നീട് പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. തന്റെ ജീവിതത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒരു തീരുമാനമാകും വിവാഹമെന്ന് അന്ന് മുഅ്മിന ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. ആ ബന്ധത്തില്‍ അവര്‍ക്ക് ആറ് മക്കള്‍ ജനിച്ചു. ഏഴാമത്തെ മകള്‍ ഹാജറയെ ഗര്‍ഭം ധരിച്ച സമയം. പെട്ടെന്ന് ഒരു ദിവസം അബ്ദുല്‍ മജീദ് നാട്ടിലേക്ക് പോയതോടെയാണ് ഇരുൾ മൂടിയത്. റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്. ഭര്‍ത്താവ് തിരികെ വരുമെന്ന വിശ്വാസത്തില്‍ അവര്‍ ജീവിച്ചു പോരുകയായിരുന്നു. ഏഴാമത്തെ മകള്‍ ഹാജറ പിറന്നു വളർന്നപ്പോഴും അബ്ദുല്‍ മജീദ് തിരികെയെത്തിയില്ല. ഇപ്പോൾ ഹാജറയുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്.

ഹാജറയ്‌ക്കൊപ്പം ഹയാത്ത്, ഫൈസല്‍, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നീ സഹോദരങ്ങളും ഉപ്പയില്ലായ്മയുടെ എല്ലാ വേദനകളും അനുഭവിക്കുകയാണ്. ഫവാസ് ഒഴികെ ബാക്കി എല്ലാവരും ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്. എങ്ങനെയോ സൊമാലിയയില്‍ എത്തിയ ഫവാസ് മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിയാന്‍ തിരികെ ജിദ്ദയിലേക്ക് വരണമെന്ന് അവന് ആഗ്രഹമുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകളും ഇഖാമയും ഉള്‍പ്പെടെ രാജ്യത്തെ ഒരു രേഖകളും മക്കള്‍ക്കില്ലയെന്നതിനാൽ ഏത് നിമിഷവും നിയമനടപടികള്‍ ഉണ്ടായേക്കാം എന്ന പേടിയിലാണ് അവര്‍ ജിദ്ദയിൽ കഴിയുന്നത്.

ഈ ഘട്ടത്തിലാണ് ഇവർക്ക് സാന്ത്വനമേകി കെഎംസിസി ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി രംഗത്തെത്തുന്നത്. നേതാക്കൾ അവരുടെ വീട്‌ സന്ദർശിക്കുകയും സാന്ത്വനിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും മറ്റ്‌ കാര്യങ്ങൾ വിശദമായി അന്വേഷിച്ച്‌ വേണ്ടത്‌ ചെയ്യാമെന്ന ഉറപ്പ്‌ നൽകുകയും ചെയ്തത് ഇവർക്ക് കുളിർമഴയായി മാറിയിട്ടുണ്ട്. പ്രസിഡൻറ് മുഹമ്മദാലി ടി.എൻ. പുരം, സെക്രട്ടറി അഷ്‌റഫ്‌ താഴെക്കോട്‌, സീനിയർ വൈസ്‌ പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, ഓർഗനൈസിങ് സെക്രട്ടറി വാപ്പുട്ടി വട്ടപറമ്പിൽ, അബു കട്ടുപ്പാറ, നാസർ പാക്കത്ത്‌, മുഹമ്മദ്‌ അലി മുസ്ലിയാർ, ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ്‌ കിഴിശ്ശീരി, മുജീബ്‌ പുളിക്കാടൻ, നാസർ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

മജീദിനെ നാട്ടിൽ പോയി സന്ദർശിച്ച് വേണ്ടത് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംഘടന. മറ്റു പലരും സഹായങ്ങളുമായി ഇവരെ സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ട്. ആർക്കെങ്കിലും സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി നേതാക്കളെ ബന്ധപ്പെടാവുന്നതാണ്.