റിയാദ്: രാജ്യത്തെ വാടക താമസക്കാരുടെ വാട്ടർ ബില്ലുകൾ അവരവരുടെ വാടക കരാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ അപ്പാർട്ട്മെന്റിനും പ്രത്യേകമായ മീറ്ററുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഈജാർ ശൃംഖലയ്ക്കും നാഷണൽ വാട്ടർ കമ്പനിയ്ക്കുമിടയിൽ, ഓരോ അപ്പാർട്ട്മെന്റിനും പ്രത്യേക വാട്ടർ ബില്ലുകൾക്കായുള്ള ഇലക്ട്രോണിക് കണക്ഷൻ സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്ന് നാഷണൽ ഹൗസിംഗ് കമ്പനി വെളിപ്പെടുത്തി.
ജല ഉപഭോഗം കണക്കാക്കുന്നതിനായി, വസ്തു ഉടമ തന്റെ പേരിൽ നിന്ന് യഥാർത്ഥ സേവനക്കാരിലേക്ക് ജല സേവന ചെലവ് കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത്തരമൊരു സൗകര്യത്തിനായി ഓരോ കേന്ദ്രങ്ങളിലും വാട്ടർ മീറ്റർ സ്ഥാപിക്കാനായി ഈജാർ ശൃംഖലയും നാഷണൽ വാട്ടർ കമ്പനിയും തമ്മിൽ ഏകോപനം നടന്നു വരികയാണ്. വരും മാസങ്ങളിൽ ഇത് നടപ്പാകും.
ആദ്യഘട്ടത്തിൽ ഈ സേവനം സ്വന്തമായി വാട്ടർ മീറ്ററുകൾ ലഭ്യമായ സഊദി വാടകക്കാരൻ, പുതിയ വാടകക്കാരൻ, വാണിജ്യ സ്ഥാപനങ്ങൾ, എന്നിവക്കായിരിക്കും ലഭ്യമാകുക. രാജ്യത്ത് താമസിക്കുന്ന വിദേശികളായ വാടകകാരനും , മുമ്പ് ഏർപ്പെട്ട കരാറുകൾക്കും പിന്നീടുള്ള ഘട്ടത്തിൽ ലഭ്യമാകും.
ജലവിതരണം ഭൂവുടമയിൽ നിന്ന് വാടകക്കാരന് കൈമാറാൻ അനുവദിക്കുന്ന വാട്ടർ മീറ്ററുകൾ രേഖപ്പെടുത്തിയ പാട്ടക്കരാറുകളുമായി ബന്ധിപ്പിക്കുന്ന പുതിയ സേവനം, ഇരുകൂട്ടർക്കും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വഴി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമാകും. വാടകകാലാവധിയിൽ ഉടമയെയോ ബ്രോക്കറെയോ ബന്ധപ്പെടാതെ തന്നെ വാട്ടർ ബിൽ നേരിട്ട് അടയ്ക്കാൻ വാടകക്കാരനെ സജ്ജമാക്കുകയും ചെയ്യും.