റിയാദ്: സഊദിയിൽ കൊവിഡ് പ്രോട്ടോകോൾ പരിശോധന ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരാഴ്ചക്കിടെ 23,185 ലംഘനങ്ങളാണ് കണ്ടെത്തിയത്. ലംഘനങ്ങൾ കണ്ടെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ശക്തമായ പിഴയും ചുമത്തുന്നുണ്ട്. ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് റിയാദ് മേഖലയിലും കുറവ് നജ്റാൻ മേഖലയിലുമാണ്. റിയാദിൽ 8,914 ലംഘനങ്ങളും നജ്റാൻ മേഖലയിൽ 89 ലംഘനങ്ങളുമാണ് ഒരാഴ്ചക്കിടെ കണ്ടെത്തിയത്.

കിഴക്കൻ മേഖല (4,002), മക്ക മേഖല (2,202), ഖസീം മേഖല (1,806), മദീന മേഖല (1,775) , അൽജൗഫ് (1,285), ഹാഇൽ (972) ശിമാലിയ മേഖല (594), അസീർ മേഖല (411), അൽബാഹ (393), ജിസാൻ (391), തബൂക്ക് (351) എന്നിങ്ങനെയണ് മറ്റു മേഖലകളിലെ ലംഘനങ്ങൾ. ആരോഗ്യ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുന്നതായും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.




