മലയാളികൾക്ക് അന്നം നൽകിയ അർബാബ് യൂസുഫ് ബിൻ നാസർ വിട വാങ്ങി, ഖബറടക്ക ചടങ്ങിൽ വിതുമ്പലോടെ മലയാളികൾ

0
4086

ദുബൈ: മലയാളികളെ സ്നേഹപൂർവം ചാരത്ത് നിർത്തിയ യുഎഇ പൗരൻ വിടവാങ്ങി. കേരളത്തെ ചേർത്ത് പിടിക്കുകയും അബേധ്യമായി ബന്ധം പുലർത്തുകയും ചെയ്ത അജ്മാൻ രാജകുടുംബാംങ്ങളിൽ പെട്ടയൂസുഫ് ബിൻ നാസർ അൽ നുഐമി (89) ഹൃദയസംബന്ധ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം നിരവധി തവണ നടത്തിയ കേരള സന്ദർശനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പത്തോളം പള്ളികളും അനാഥ മന്ദിരങ്ങളും പാഠശാലകളും നിർമിച്ചുനൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം താമസിക്കുന്ന പുള്ളാവൂർ എം.പി. മൂസ ഹാജി 1977 ആഗസ്റ്റ് 14ന് ദുബൈയിൽ എത്തിയതോടെയാണ് യൂസുഫ് ബിൻ നാസറും കേരളവുമായി ഹൃദയബന്ധം ആരംഭിക്കുന്നത്. 44 വർഷമായി ഇദ്ദേഹത്തിെൻറ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലാണ് മൂസ ഹാജിയുടെ ജോലി. പ്രവാസത്തിെൻറ തുടക്കകാലത്ത് അന്നംതേടി കടൽകടന്നവരെ വെറുംകൈയോടെ മടക്കാതെ അഭയം നൽകാൻ യൂസുഫ് നാസർ മുന്നിലുണ്ടായിരുന്നു. എൻ.ഐ.ടി ഭാഗത്തുനിന്ന് മാത്രം നൂറോളം പേരാണ് ഇദ്ദേഹത്തിെൻറ സ്ഥാപനങ്ങളിൽ ജോലിചെയ്തത്. ജീവനക്കാർക്ക് താമസം സൗജന്യമായിരുന്നു. 2002 മുതൽ പലതവണ അദ്ദേഹം കുടുംബസമേതം കേരളത്തിൽ എത്തിയിട്ടുണ്ട്.

എൻ.ഐ.ടിയുടെ സമീപത്തെ കെട്ടാങ്ങൽ അങ്ങാടി പള്ളി, മുക്കം അങ്ങാടിയിൽ 2000 പേർക്ക് നമസ്കരിക്കാവുന്ന സുന്നി പള്ളി, മുക്കം മുസ്‌ലിം ഓർഫനേജിെൻറ ഉള്ളിൽ പെൺകുട്ടികൾക്ക് പഠനത്തിന് മൂന്നുനില സ്കൂൾ, ചേന്ദമംഗലൂർ പുൽപറമ്പ് മുക്കിൽ പള്ളിയും (മസ്ജിദ് ഫാറൂഖ്) വലിയൊരു മദ്റസയും, തേക്കിൻകുറ്റി ജുമാമസ്ജിദ്, ചേന്ദമംഗലൂർ സുന്നിയ അറബിക് കോളജിന് സമീപത്തെ വലിയ പള്ളി തുടങ്ങിയവ അദ്ദേഹം നിർമിച്ചുനൽകി. കാരാപ്പുഴയിൽ ഭാര്യയുടെ ചെലവിൽ വലിയ മദ്റസ നിർമിച്ചു. മക്കളായ നാസർ അൽ നുഐമി, അബ്ദുറഹ്മാൻ, മുഹമ്മദ്, ആലിയ, ഫാത്തിമ, ഹുദ എന്നിവരും കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ പള്ളികളും അനാഥാലയങ്ങളും നിർമിച്ചു.

ഖുർആൻ മനഃപാഠമാക്കുന്ന കുട്ടികൾക്കായി കോഴിക്കോട് ഫ്രാൻസിസ് റോഡിൽ മർകസുൽ ഫാറൂഖി എന്ന പേരിൽ സെൻറർ നിർമാണം നടന്നുവരുന്നു. 2.43 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതിെൻറ പൂർത്തീകരണം കാണാതെയാണ് അദ്ദേഹത്തിെൻറ മടക്കം. കേരളത്തിലെ രാഷ്ട്രീയ, മത നേതാക്കൾ യു.എ.ഇയിൽ എത്തിയാൽ ഇദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. സി.എച്ച് മുഹമ്മദ് കോയയോടൊപ്പം വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സകാത്തിെൻറ പണവും നാട്ടിൽ ചെലവഴിച്ചിരുന്നു.

ബിസിനസ് ലാഭത്തിെൻറ നിശ്ചിത ശതമാനം ഇത്തരം പ്രവൃത്തികൾക്കാണ് നീക്കിവെച്ചിരുന്നത്. നൂറോളം സ്ഥാപനങ്ങളുള്ള യൂസുഫ് നാസറിന് കീഴിൽ ഇപ്പോഴും നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. കേരളത്തെ കൂടാതെ അജ്മാനിലും മക്കയിലും മദീനയിലും ഒമാനിലും പള്ളികളും സ്കൂളുകളും നിർമിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന ഖബറടക്കത്തിൽ നൂറുകണക്കിന് മലയാളികളാണ് വിടനൽകാനെത്തിയത്.