‘മതം വിദ്വേഷമല്ല, വിവേകമാണ്’ ഇസ്‌ലാഹി സെന്റർ കാമ്പയിൻ വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സഊദി നാഷണല്‍ കമ്മറ്റി ‘മതം വിദ്വേഷമല്ല, വിവേകമാണ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്‌നിന്റെ ഉദ്ഘാടനം വെര്‍ച്വല്‍ സമ്മേളനമായി നടന്നു . കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സംഘർഷ ഭരിതമായ വർത്തമാന സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ളതാണ് പ്രസ്തുത കാമ്പയിൻ എന്ന് അദ്ദേഹം പറഞ്ഞു. മതം പറയുന്ന കാര്യങ്ങളല്ല നാട്ടിൽ ചർച്ച ചെയ്യപ്പെടുന്നതെന്നും ആയതിനാൽ സാധാരണക്കാരിലേക്ക് മതത്തിന്റെ ആശയങ്ങൾ എത്തിക്കാൻ പ്രസ്തുത കാമ്പയിൻ സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം വ്യത്യസ്തമായ ഒന്നാണെന്നും ദേശീയ പ്രസ്ഥാന നേതാക്കളായ ഗാന്ധിജി, നെഹ്‌റു, മൌലാന അബുൽ കലാം ആസാദ്‌ തുടങ്ങിയവർ വളരെ കൃത്യമായി രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ മതേതരത്വം എന്നാൽ മത നിരാസം എന്നാണെങ്കിൽ ഇന്ത്യയിൽ അത് മതത്തെ ചേർത്ത് നിർത്തലാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പരിപാടിയിൽ കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കെ.എന്‍.എം. വൈസ്. പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ഇസ്ലാഹീ സെന്റര്‍ സഊദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍, ട്രഷറര്‍ ഡോ. മുഹമ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

‘മതം വിദ്വേഷമല്ല, വിവേകമാണ്’ എന്ന കാംപയ്ന്‍ പ്രമേയം നിച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ വിശദീകരിച്ചു. മത-ഭാഷാ-വര്‍ഗ്ഗ- വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമയോടെയും സ്‌നേഹത്തോടെയും പരസ്പര സഹകരണത്തോടെയും ഒരൊറ്റ ഇന്ത്യക്കാരനെന്ന വികാരത്തില്‍ ജീവിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ ശില്പികളുടെ ശ്രമങ്ങളിലൂടെ നാം നേടിയതും അനുഭവിച്ചു കൊണ്ടിരിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത ശാന്തിനിറഞ്ഞ ഇന്ത്യന്‍ ജീവിത സാഹചര്യത്തിന് ഇന്ന് ഭംഗം വന്നു കൊണ്ടിരിക്കുന്നൂ എന്നത് നാമെല്ലാം വേദനയോടെ കാണുന്നു. മതാധിഷ്ഠിത രാഷ്ട്രീയവും അന്യമതവിദ്വേഷവും കൈമുതലാക്കിയ പ്രതിലോമശക്തികളുടെ കൈകളിലാണ് ഇന്നത്തെ ഇന്ത്യ. എവിടെയും അശാന്തിയുടെ വിത്തിട്ടു മുളപ്പിക്കുകയും അതില്‍ നിന്ന് തങ്ങളുടെ സ്വാര്‍ത്ഥതയുടെ ഫലം കൊയ്യുകയുമാണ് ഈ പ്രതിലോമകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ മൂന്നുമാസ കാലയളവിൽ സൗദി യിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സൗഹൃദ സമ്മേളനം, ചരിത്ര വെബിനാർ, ഇൻസ്റ്റന്റ് സന്ദേശങ്ങൾ, അഡ്വൈസറി പോസ്റ്ററുകൾ, പോസിറ്റീവ്
ക്വാട് സ്, വെർച്ചൽ സംഗമങ്ങൾ, ടേബിൾ ടോക്ക്, ഫാമിലി മീറ്റ് തുടങ്ങിയവ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നടക്കും.സൗദിയിലെ വിവിധ പ്രവിശ്യാതല ഉദ്ഘാടനങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതായിരിക്കും.