കുവൈറ്റ് ജസീറ എയർവേയ്സ് വിമാനത്തിൽ ബോംബ് ഭീഷണി, അടിയന്തരമായി നിലത്തിറക്കി

0
1378

കുവൈത് സിറ്റി: ബോംബ് സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കുവൈറ്റ് ജസീറ എയർവേയ്സ് വിമാനം അടിയന്തിരമായി ഇറക്കി. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വടക്കുകിഴക്കൻ തുർക്കിയിലെ ട്രാബ്‌സോൺ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്.

വിമാനം നിലത്തിറക്കിയതിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരെ ശാരീരിക പരിശോധനക്ക് ശേഷമാണ് വിമാനത്താവളത്തിലേക്ക് മാറ്റിയത്.

യാത്രക്കാരുടെ ബാഗേജ് മൊബൈൽ എക്സ്-റേയിലൂടെ പോലീസ് പരിശോധിച്ചതായും ജസീറ എയർവേയ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ബോംബിന്റെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി അവർ കൂട്ടിച്ചേർത്തു. തെറ്റായ അറിയിപ്പായിരുന്നു ലഭ്യമായതെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് തൊട്ടുപിന്നാലെ, എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലായതായി ജസീറ എയർവേയ്സ് ട്വിറ്ററിൽ അറിയിച്ചു. ജസീറ എയർവേയ്‌സിന് ഒരു സുരക്ഷാ ഭീഷണി സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചതായും പരിശോധന നടത്തി വിശ്വസനീയമല്ലെന്ന് പ്രഖ്യാപിച്ചതയും എയർലൈൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വിശദീകരിച്ചു.