റിയാദ്: സഊദിയിലേക്ക് യാത്ര തിരിച്ച പ്രവാസികൾക്ക് ഇന്നും യാത്ര മുടങ്ങി. എയർ അറേബ്യാ വിമാനത്തിൽ സഊദിയിലേക്ക് വരാനായി ഷാർജ വിമാനത്താവളത്തിൽ എത്തിയവർക്കാണ് ഇന്ന് യാത്ര മുടങ്ങിയത്. സഊദിയിൽ നിന്ന് നേരത്തെ ഒരു ഡോസ് എടുത്ത് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ആയതിനാൽ ഇത് പ്രകാരം യാത്ര ചെയ്യാനെത്തിയ യാത്രക്കാരനാണ് യാത്ര മുടങ്ങിയ ഒരാൾ. സിംഗിൾ ഡോസ് ഇമ്മ്യൂൺ ആയവർക്ക് സഊദിയിലേക്ക് യാത്ര തിരിക്കാനായി സഊദിയിലെ അഞ്ചു ദിവസ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെന്നും അതില്ലാതെ ഈ സ്റ്റാറ്റസിൽ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്നുമാണ് വിമാന കമ്പനി യാത്രക്കാരനെ അറിയിച്ചത്. തിരുവനന്തപുരത്ത് നിന്നെത്തി പതിനാല് ദിവസം കഴിഞ്ഞു സഊദിയിലേക്ക് യാത്രക്കെത്തിയതായിരുന്നു ഇദ്ദേഹം.
സഊദിയിലേക്ക് യാത്ര ചെയ്യുന്ന സഊദി പ്രവാസികൾക്ക് തങ്ങളുടെ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ആണെങ്കിൽ സഊദിയിലെ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ 23 മുതൽ സഊദി എയർലൈൻസ് പുതിയ അപ്‌ഡേറ്റ് പ്രകാരം ഇത് അനുവദിച്ചിരുന്നില്ല. രണ്ടു ഡോസ് വാക്‌സിൻ എടുത്ത് ഇമ്മ്യൂൺ ആയവർക്ക് മാത്രമാണ് സഊദിയിൽ നേരിട്ട് ഇറങ്ങാൻ സാധിക്കുകയെന്നും അല്ലാത്തവർ അഞ്ചു ദിവസ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ എടുക്കണമെന്നുമാണ് സഊദി എയർ അറിയിച്ചിരുന്നത്. ഈ നിലപാടിനെത്തുടർന്ന് സഊദിയയുടെ ടിക്കറ്റെടുത്ത സിംഗിൾ ഡോസ് ഇമ്മ്യൂൺ ആയിരുന്നവർക്ക് സഊദി യാത്ര മുടങ്ങിയിരുന്നു.
എന്നാൽ, മറ്റു എയർലൈൻസുകളും സമാനമായ നിലപാടിലേക്ക് നീങ്ങിയതായാണ് പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. അതിനാൽ ഇനി മുതൽ സഊദിയിലേക്ക് വരുന്ന യാത്രക്കാർ രണ്ടു ഡോസ് വാക്സിനെടുത്ത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്തായിരിക്കണം യാത്രക്കൊരുങ്ങേണ്ടത്. അല്ലെങ്കിൽ സഊദിയിലെ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പാക്കേജ് എടുക്കേണ്ടി വരും.
തവക്കൽ തുറക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മറ്റൊരാൾക്ക് ഇന്ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചത്. അപ്‌ഡേറ്റ് ആയിട്ടില്ലെന്നും അതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്നുമാണ് ബോർഡിങ് നൽകുന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.




