വാക്‌സിൻ പൂർത്തിയാക്കാതെ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് സഊദിയിൽ ഹോം ക്വാറന്റൈൻ നിർബന്ധം

0
2783

റിയാദ്: രാജ്യത്തെ അംഗീകൃത വാക്സിനുകളുടെ ഡോസ് സ്വീകരിക്കുന്നത് പൂർത്തിയാക്കാത്ത, നേരത്തെ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ സഊദിയിൽ എത്തുമ്പോൾ ഇനി മുതൽ ഹോം ക്വാറന്റൈൻ നിർബന്ധമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി അംഗീകൃത വാക്സിനുകൾ പൂർണ്ണമായി പൂർത്തിയാക്കാത്തവർക്ക് 48 മണിക്കൂർ ഹോം ക്വാറന്റൈൻ നിർബന്ധമാണ്.

ഇവർ രാജ്യത്തേക്ക് വന്നതിന് ശേഷം 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തണം. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കൊവിഡ് 19 നെഗറ്റീവ് റിസൾട്ട് വരുന്നതോടെ ക്വാറന്റൈൻ കാലാവധി അവസാനിക്കും.എന്നാൽ, 8 വയസ്സിന് താഴെയുള്ളവരെ കൊവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ഇവർ രാജ്യത്തിൽ എത്തിയതിന് ശേഷം 48 മണിക്കൂറുകൾ കഴിഞ്ഞാൽ ഹോം ക്വാറന്റൈൻ അവസാനിക്കും. ഇവ ലംഘിക്കുന്നവർക്കെതിരെ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചതിനുള്ള നടപടികൾ നേരിടേണ്ടി വരും.

എല്ലാവരും കൊവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും ആരോഗ്യ ആവശ്യകതകൾ ബാധകമാക്കുന്നതിൽ അലംഭാവം ഉണ്ടാകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പകർച്ചവ്യാധി സാഹചര്യത്തിലെ സംഭവവികാസങ്ങൾ അനുസരിച്ച് യാത്രയ്ക്കുള്ള എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പൊതുജനാരോഗ്യ അതോറിറ്റിയുടെ (വിഖായ) തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് സഊദിഅംഗീകൃത വാക്സിനുകളിൽ പെട്ട ഫൈസർ ബയോൺടെക്, ഓക്സ്ഫോർഡ് ആസ്ട്രാസെനെക്ക, മോഡേണ, ഒരു ഡോസ് ജോൺസൺ & ജോൺസൺ വാക്സിൻ എന്നിവയിൽ ഏതെങ്കിലും വാക്സിനുകൾ പൂർണ്ണ ഡോസുകൾ എടുക്കാതെ രാജ്യത്തേക്ക് വരുന്ന എല്ലാവർക്കും ഹോം ക്വാറന്റൈൻ ആവശ്യമാണ്.

സഊദിയിലെ അംഗീകൃത വാക്സിനുകളുടെ ഒരു ഡോസും എടുക്കാതെ രാജ്യത്തേക്ക് വരുന്ന എല്ലാ പ്രവാസികൾക്കും സന്ദർശകർക്കും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. കൂടാതെ, രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തുകയും വേണം. ആദ്യത്തേത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും രണ്ടാമത്തേത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിന്റെ അഞ്ചാം ദിവസത്തിലുമാണ് വേണ്ടത്. തവക്കൽന ആപ്പിൽ കാണിച്ചിരിക്കുന്നതുപോലെ പിസിആർ സമയങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്. രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവ് പിസിആർ ഫലത്തോടെ ക്വാറന്റൈൻ അവസാനിക്കുന്നു.