സഊദിയിലേക്ക് വരുന്നവരിൽ ആർക്കൊക്കെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധം? നിലവിൽ ഒറ്റ ഡോസ് ഇമ്മ്യൂൺ ആയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ നിർബന്ധമാണോ? സഊദി എയർ നിബന്ധനകൾ അറിയാം

0
7065

റിയാദ്: സഊദിയിലേക്ക് വരുന്നവരിൽ ഇത് വരെ ഒരു ഡോസ് എടുത്ത് ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്ക് സഊദിക്കകത്തെ നിർബന്ധിത ക്വാറന്റൈൻ ഇല്ലാതെ വരാൻ സാധിച്ചിരുന്നു. എന്നാൽ, പുതിയ അപ്‌ഡേറ്റ് പ്രകാരം ഒറ്റ ഡോസ് എടുത്ത ഇമ്മ്യൂൺ ആയവർക്ക് സഊദിയിലെത്തിയാൽ അഞ്ചു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാണ്. ഇക്കാര്യം സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്‌.

ഇതേ കാര്യം തന്നെയാണ് തവക്കൽനയും ചോദ്യത്തിന് മറുപടിയായി നൽകിയത്. അതായത്, സഊദിയിൽ നിന്നും നേരത്തെ ഒരു ഡോസ് എടുത്ത് നാട്ടിലേക്ക് പോയവർ തവക്കൽനയിൽ സിംഗിൾ ഡോസ് ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രകാരം വരുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമായി വരുമെന്നർത്ഥം. ഇത്തരക്കാർ മറ്റൊരു ഡോസ് കൂടിയെടുത്ത് പൂർണ്ണ ഇമ്മ്യൂൺ ആകണം. എങ്കിൽ മാത്രമേ അഞ്ചു ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാകൂ. ഇക്കഴിഞ്ഞ 23 ന് പുതിയ ക്വാറന്റൈൻ നിബന്ധന വന്നതോടെയാണ് പുതിയ അപ്‌ഡേറ്റ് സഊദിയ നടത്തിയത്.

സഊദിയയുടെ പുതിയ യാത്ര നടപടികൾ ഇപ്രകാരമാണ്.

ഇഖാമയുള്ളവരിൽ ആരെയാണ് ഇമ്മ്യൂൺ ആയി കണക്കാക്കുന്നത്?

  • സഊദി നിന്ന് രണ്ടു ഡോസ് വാക്സിനേഷൻ ലഭിച്ച ഒരു വ്യക്തി, അല്ലെങ്കിൽ സഊദി അംഗീകരിച്ച വാക്‌സിൻ രണ്ടു ഡോസും എടുത്ത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യപ്പെട്ട വ്യക്തി
  • ലോകാരോഗ്യ സംഘടന അംഗീകരിച്ചതും എന്നാൽ സഊദി അംഗീകരിക്കാത്തതുമായ വാക്സിനുകളിലൊന്ന് രണ്ട് ഡോസ് സ്വീകരിക്കുകയും സഊദി അംഗീകരിച്ച ഏതെങ്കിലും ഒരു വാക്സിൻ ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കുകയും ചെയ്‌തവർ. സഊദിക്ക് പുറത്ത് ലഭിക്കുന്ന ഡോസുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration വഴി രജിസ്റ്റർ ചെയ്തിരിക്കണം.
  • സഊദി അംഗീകരിച്ച വാക്‌സിനുകളിൽ രണ്ടു ഡോസ് വിദേശങ്ങളിൽ നിന്ന് എടുത്തവർ അത് അവരുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ആയാലും ഇമ്മ്യൂൺ ആയി കണക്കാക്കും
  • കൊവിഡ് -19 ൽ രോഗ മുക്തി നേടി ഇമ്മ്യൂൺ ആയവരെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു ന്യായീകരണമായി കണക്കാക്കില്ല.

സഊദി പൗരന്മാരല്ലാത്തവർ/ സഊദി താമസക്കാർ (സഊദി സന്ദർശക വിസക്കാർ) അല്ലാത്തവരിൽ ആരെയാണ് ഇമ്മ്യൂൺ ആയി കണക്കാക്കുന്നത്?

  • 12 വയസ്സ് കവിഞ്ഞവരിൽ സഊദി അംഗീകരിച്ച വാക്സിനുകളിലൊന്ന് പൂർണ്ണമായും വാക്സിനേഷൻ ചെയ്‌തവർ.
  • ലോകാരോഗ്യ സംഘടന അംഗീകരിച്ചതും എന്നാൽ സഊദി അംഗീകരിക്കാത്തതുമായ വാക്സിനുകളിലൊന്ന് കുത്തിവെപ്പെടുക്കുകയും സഊദി അംഗീകരിക്കപ്പെട്ട വാക്സിനുകളിൽ ഒന്ന് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കുകയും ചെയ്‌തവർ.
  • പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച എല്ലാ എല്ലാ യാത്രക്കാരും ഖുദൂം പ്ലാറ്റ്ഫോം വഴി സഊദി ആരോഗ്ഗ്യ മന്ത്രാലയം ആവശ്യകതകൾക്ക് അനുസൃതമായി അവരുടെ വാക്സിനേഷന്റെ തെളിവ് സമർപ്പിക്കണം.
  • കൊവിഡ് -19 ൽ രോഗ മുക്തി നേടി ഇമ്മ്യൂൺ ആയവരെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു ന്യായീകരണമായി കണക്കാക്കില്ല.

ഇമ്യൂണൈസേഷൻ സ്റ്റാറ്റസ് എങ്ങനെ തെളിയിക്കണം?

രണ്ടു മാർഗ്ഗങ്ങൾ വഴി ബോർഡിങ് പാസ് സമയത്ത് ഇവ തെളിയിക്കാം

  • തവക്കൽന ആപ്പ് വഴി ആരോഗ്യ നില.
  • ഖുദൂം പ്ലാറ്റ്ഫോം വഴി (സഊദി യാത്രയുടെ 72 മണിക്കൂർ മുമ്പ് ഇതിൽ രജിസ്റ്റർ ചെയ്‌താണ്‌ വരേണ്ടത്)

(സഊദി പ്രവാസികൾ തവക്കൽന ഉണ്ടെങ്കിൽ അത് വഴിയോ അല്ലെങ്കിൽ ഖുദൂം രജിസ്‌ട്രേഷൻ വഴിയോ, സന്ദർശക വിസക്കാർ ഖുദൂം (മുഖീം) രജിസ്‌ട്രേഷൻ വഴിയോ ആണ് ഇത് ബോർഡിങ് സമയത്ത് തെളിയിക്കേണ്ടത്)

സഊദിയിലേക്ക് വരുന്ന യാത്രക്കാരിൽ അവരുടെ ഇമ്യൂണൈസേഷൻ സ്റ്റാറ്റസ് അനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ഹോം ക്വാറന്റൈൻ നിര്ബന്ധമുള്ളവർ ആരൊക്കെ?

  • കൊവിഡ് കുത്തിവയ്പ് എടുക്കാത്ത യാത്രക്കാരൻ.
  • സഊദി അംഗീകരിച്ച വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ
  • ലോകാരോഗ്യ സംഘടന അംഗീകരിച്ചതും എന്നാൽ സഊദി അംഗീകരിക്കാത്തതുമായ വാക്സിനുകളിൽ ഒന്ന് ലഭിച്ചവർ.
  • ലോകാരോഗ്യ സംഘടനയോ സഊദിയോ അംഗീകരിക്കാത്ത വാക്‌സിൻ കുത്തിവെപ്പ് എടുത്തവർ

ഇത്തരം ആളുകൾ യാത്രക്കായി ചെയ്യേണ്ട കാര്യങ്ങൾ

  • പുറപ്പെടുന്നതിന് 72 മണിക്കൂറുകൾക്ക് മുമ്പുള്ള ഒരു പിസിആർ റിസൾട്ട് സമർപ്പിക്കണം. എന്നാൽ 8 വയസ്സിന് താഴെയുള്ളവർക്ക് ഇത് നിര്ബന്ധമില്ല. അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പാലിക്കണം. ഇതിൽ തന്നെ സഊദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും പിസിആർ ടെസ്റ്റ് നടത്തണം.
  • തവക്കൽന ആപ്പിൽ ദൃശ്യമാകുന്ന സ്റ്റാസ് അടിസ്ഥാനമാക്കി യാത്രക്കാർ കൊറോണ വൈറസ് ടെസ്റ്റുകളുടെ സമയം പാലിക്കണം. അഞ്ചാം ദിവസത്തെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അവസാനിക്കും.

കുത്തിവയ്പ് എടുത്ത മാതാപിതാക്കളോടൊപ്പമുള്ള കുട്ടികൾക്ക് പ്രവേശന നിബന്ധനകൾ ഇങ്ങനെ

  • പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് അഞ്ചു ദിവസത്തേക്ക് ഹോം ക്വാറന്റൈന് നിർബന്ധമാണ്. എട്ടു വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് അഞ്ചാം ദിവസം കൊറോണ വൈറസ് ടെസ്റ്റ് നടത്തണം.
  • പതിനെട്ട് വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബാധകമാകും.
  • കൊവിഡ് -19 ൽ രോഗ മുക്തി നേടി ഇമ്മ്യൂൺ ആയവരെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു ന്യായീകരണമായി കണക്കാക്കില്ല.