ജിദ്ദ: ഉപയോഗിക്കാത്ത സ്കൂൾ കെട്ടിട വാടകയുമായി ബന്ധപ്പെട്ട കേസിൽ ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിന് മക്ക അപ്പീൽ കോടതിയിൽ നിന്നും അനുകൂല വിധി. ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ കെട്ടിടത്തിനു 12 ദശ ലക്ഷം വാടക ഉടമക്ക് നൽകണമെന്ന് നേരത്തെ ജിദ്ദ ജനറൽ കോടതി ഉത്തരവിട്ടിരുന്നു.
ജനറൽ കോടതിയുടെ ഈ വിധിക്കെതിരെ സ്കൂൾ മാനേജമെന്റ് നൽകിയ അപ്പീൽ പരിഗണിച്ചു കൊണ്ടാണ് മക്ക അപ്പീൽ കോടതി പ്രസ്തുത വിധിയെ അസാധുവാക്കി ഇന്ത്യൻ സ്‌കൂളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിനു സിവിൽ ഡിഫൻസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ക്ലിയറൻസ് ഇല്ലാത്തതിനാൽ ജനറൽ കോടതി വിധി ന്യായമല്ലെന്ന് അപ്പീൽ കോടതി പറഞ്ഞു.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജമെന്റ് ഉടമക്ക് 12 ദശ ലക്ഷം റിയാൽ വാടക നൽകണമെന്ന ജിദ്ദ ജനറൽ കോടതിയുടെ വിധിക്കെതിരെ മക്ക അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. നിരവധി തവണ നടന്ന ഹിയറിങ്ങിനു ശേഷം ജനറൽ കോടതി വിധി അസാധുവാക്കി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് അനുകൂലമായ പുറപ്പെടുവിച്ചത്. അഞ്ച് വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് ചരിത്ര പരമായ അനുകൂല വിധി നേടിയെടുത്തത്. റിയാദിലെ ഇന്ത്യൻ എംബസിക്കും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്റർനാഷണൽ സ്കൂൾ അധികൃതർ നന്ദി രേഖപ്പെടുത്തി.