റിയാദ്: ഭവന നിർമ്മാണ പദ്ധതിയിൽ സഊദിയും ഇന്ത്യയും തമ്മിൽ റിയാദിൽ കരാർ ഒപ്പ് വെച്ചു. ഭവനനിർമ്മാണ മേഖലയിലെ നഗര ആസൂത്രണം, നിർമ്മാണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ ഒപ്പിട്ട ധാരണാപത്രത്തിന്റെ നിബന്ധനകൾ കൂടുതൽ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. സഊദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയമാണ് വ്യാഴാഴ്ച ഇന്ത്യയിലെ ഭവന, നഗരകാര്യ മന്ത്രാലയവുമായി സംയുക്ത സഹകരണത്തിനുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചതായി അറിയിച്ചത്.
സഊദിയെ പ്രതിനിധീകരിച്ച് മന്ത്രാലയത്തിന്റെ കസ്റ്റമർ ട്രയൽ, കസ്റ്റമർ സർവീസസ് എന്നിവയുടെ അണ്ടർസെക്രട്ടറിയും, ജനറൽ പാർട്ടീഷ്യൽ പാർട്ണർഷിപ്പ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷന്റെ സൂപ്പർവൈസർ ജനറലുമായ സഊദ് ബിൻ തലാൽ ബിൻ ബദ്ർ രാജകുമാരനും ഇന്ത്യൻ ഭവന, നഗരകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദുമാണ് കരാറിൽ ഒപ്പ് വെച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ ശക്തമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ ഭവന നിർമ്മാണം, റിയൽ എസ്റ്റേറ്റ് വികസനം എന്നീ മേഖലകളിൽ വൈദഗ്ധ്യവും ഗവേഷണവും പരസ്പരം കൈമാറുന്നത് ഏറെ ഗുണകരമാണെന്നും അംബാസിഡർ ഔസാഫ് സഈദ് പറഞ്ഞു.