വിമാനത്താവളങ്ങളിൽ വെച്ച് അനാവശ്യമായി യാത്ര മുടങ്ങുന്ന ഘട്ടങ്ങളിൽ യാത്രക്കാരൻ ചെയ്യേണ്ടത്

ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

0
4724

സാധാരണ നിലയിൽ ഓരോ വിമാനത്താവളങ്ങളിലും ബോർഡിങ് പാസുകൾ നൽകുന്നതടക്കം ഓരോ വിമാന കമ്പനികൾക്കും എയർപോർട്ടിലെ കാര്യങ്ങൾ ചെയ്ത് നൽകുന്നത് പ്രത്യേക ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്റ്റാഫ് മാത്രമായിരിക്കും. അതാത് എയർലൈൻസ് ഉദ്യോഗസ്ഥർ ഇവർക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയോ അത്യാവശ്യ ഘട്ടങ്ങളിൽ ഇടപെടുകയോ ചെയ്യാനായി മാത്രമായിരിക്കും വിമാനത്താവളങ്ങളിൽ ഉണ്ടാകുക. അതിനാൽ തന്നെ പലപ്പോഴും ചില നിയമങ്ങൾ ഇത്തരം ഗ്രൗണ്ട് സ്റ്റാഫിന് വേണ്ട രീതിയിൽ അറിവുണ്ടാകണമെന്നില്ല.

ഇത്തരം ഘട്ടങ്ങളിൽ ബോർഡിങ് നൽകാതിരുന്ന പക്ഷം ആദ്യം വിമാനത്താവളത്തിൽ ലഭ്യമായ അതാത് എയർലൈൻ ഉദ്യോഗസ്ഥരെ കണ്ടെത്തി വിഷയം അവതരിപ്പിക്കുകയോ വിമാനത്താവളത്തിലെ എയർലൈൻ ഓഫീസിൽ നേരിട്ട് വിഷയം അവതരിപ്പിക്കയോ ആണ് വേണ്ടത്. എന്നിട്ടും പരിഹാരം കാണാതിരിക്കുകയാണെങ്കിൽ യാത്രക്കാരന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉടൻ പരാതി നൽകുകയാണ് വേണ്ടത്. അതാത് രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫീസുകൾ ഓരോ വിമാനത്താവളങ്ങളിലും ഉണ്ടാകും.

അവിടെ ചെന്ന് യാത്രക്കാരന് പരാതി ബോധിപ്പിക്കാവുന്നതാണ്. യാത്രക്കാരന്റെ അവകാശം (കസ്റ്റമർ പ്രൊട്ടക്ഷൻ) പരിഗണിച്ച് ഇക്കാര്യത്തിൽ സിവിൽ ഏവിയേഷൻ പരിഹാരം കാണും. എങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ യാത്ര മുടങ്ങുമെന്നതിനാൽ ഞൊടിയിടയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഇനി യാത്ര മുടങ്ങിയാലും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പരിഗണയിൽ ആയതിനാൽ ഇക്കാര്യത്തിൽ യാത്രക്കാരന്റെ ഭാഗത്ത് ന്യായമെന്ന് കണ്ടെത്തിയാൽ യാത്രക്കാരന് മറ്റൊരു വിമാനത്തിൽ യാത്ര അനുവദിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

യാത്രക്കാരന്റെ ഭാഗം പൂർണ്ണമായും ശരിയാണെങ്കിൽ തെളിവുകൾ സഹിതം ഗ്രൗണ്ട് സ്റ്റാഫ് ഉദ്യോഗസ്ഥനെതിരെ നടപടിക്കായും നഷ്ടപരിഹാരത്തിനായായും വിമാന കമ്പനിയിൽ പരാതിയും നൽകാം.