തവക്കൽനയിൽ ഉടക്കി വീണ്ടും യാത്ര മുടങ്ങി, ഇത്തവണ യാത്ര മുടങ്ങിയത് എടവണ്ണ സ്വദേശിക്ക്, വീഡിയോ

മലയാളി ഉദ്യോഗ്സഥന്റെ അനാവശ്യ പിടിവാശിയാണ് ഇത്തവണയും യാത്ര തടസ്സപ്പെട്ടത്

0
6631

അബുദാബി: സഊദി പ്രവാസികളെ അനാവശ്യമായി വട്ടം കറക്കി യാത്ര തടസപെപ്പടുത്തിയതായി വീണ്ടും പരാതി. ദുബായ് വഴി സഊദിയിലേക്ക് തിരിച്ച മലപ്പുറം എടവണ്ണ സ്വദേശിയാണ് ഇത്തവണ മലയാളി എയർലൈൻ ഉദ്യോഗസ്ഥന്റെ ക്രൂരതയിൽ യാത്ര മുടങ്ങിയത്. യാത്രയൊരു കാരണവുമില്ലാതിരുന്ന യാത്രക്കാരന്റെ തവക്കൽനയിൽ ഇമ്മ്യുണ് സ്റ്റാറ്റസ് കാണിക്കുന്നത് സിംഗിൾ ഡോസ് മാത്രമാണെന്ന് പറഞ്ഞാണ് യാത്ര തടസപെപ്പടുത്തിയത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ വിമാന കമ്പനിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യാത്രക്കാരൻ.

കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും റിയാദിലേക്ക് പോകാനായെത്തിയ യാത്രക്കാരനെയാണ് ബോർഡിങ് പാസ് നൽകാതെ മടക്കിയത്. ടെർമിനൽ ഒന്നിൽ നിന്ന് സഊദിയ വിമാനത്തിൽ ബുധനാഴ്ച വൈകീട്ട് പോകാനായാണ് ഇദ്ദേഹം മുഴുവൻ നടപടിക്രമങ്ങളും പാലിച്ച് എത്തിയത്. എന്നാൽ, ബോർഡിങ് സമയത്ത് ബോർഡിങ് ഉദ്യോഗസ്ഥൻ തവക്കൽന ആവശ്യപ്പെടുകയും ഒറ്റ ഡോസ് ഇമ്മ്യൂൺ ആയത് കൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. സിംഗിൾ ഡോസ് കൊണ്ട് ഇമ്മ്യൂൺ ആയവർക്ക് സഊദിയിലേക്ക് നേരിട്ട് യാത്ര ചെയ്യണമെങ്കിൽ സഊദിയിലെ അഞ്ചു ദിവസ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ എടുക്കണമെന്നും അതെടുത്താൽ മാത്രമേ ബോർഡിങ് ചെയ്യാൻ പറ്റുകയുള്ളൂവെന്നുമായിരുന്നു മലയാളിയായ ഉദ്യോഗസ്ഥന്റെ പ്രതികരണമെന്ന് യാത്രക്കാരൻ മലയാളം പ്രസിനോട് പറഞ്ഞു. ബോർഡിങ് കാര്യങ്ങൾ ചെയുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്റ്റാഫിന് ഇത് സംബന്ധമായ അവ്യക്തതയാണ് ഇതിനു കാരണമെന്നാണ് സ്വകാര്യ എയർലൈൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എന്നാൽ, അത്തരമൊരു നിർദേശം സഊദി അധികൃതർ പുറത്തിറക്കിയിട്ടില്ലെന്നും നിലവിൽ ഇമ്മ്യൂൺ ആയവർക്ക് സഊദിയിലേക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെ തന്നെ പോകാമെന്നും ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിയിക്കാൻ തവക്കൽനയോ മുഖീം രജിസ്ട്രേഷനോ കാണിച്ചാൽ മതിയെന്ന സർക്കുലർ മാത്രമാണ് പുറത്തു വന്നതെന്നും യാത്രക്കാരൻ അറിയിച്ചെങ്കിലും അത്തരമൊരു നിർദേശം ഉണ്ടെന്നും അതിനാൽ നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകൂ, യാത്ര ചെയ്യണമെങ്കിൽ വേഗം സഊദിയിലെ അഞ്ചു ദിവസ ഹോട്ടൽ ക്വാറന്റൈൻ എടുക്കാനുമായിരുന്നു നിർദേശം.

തുടർന്ന് മറ്റൊരു കൗണ്ടറിൽ ചെന്നെങ്കിലും ആദ്യ ഉദ്യോഗസ്ഥൻ അവിടെയെത്തി ഇമ്മ്യൂൺ പ്രശ്‌നം ഉണ്ടെന്നും ബോർഡിങ് നൽകാൻ പാടില്ലെന്നും ആ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തു. ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിയിക്കാനായി തവക്കൽന, മുഖീം പ്രിന്റൗട്ട്, (സാധാരണ ഈ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് മതി) സഊദി യാത്രക്കാവശ്യമായ പിസിആർ ടെസ്റ്റ് റിസൾട്ട് തുടങ്ങി മുഴുവൻ രേഖകളും കൈവശം ഉണ്ടായിരുന്നിട്ടും ബോർഡിങ് നിഷേധിക്കുകയായിരുന്നു. തുടർന്ന് ട്രാവൽസുമായി ബന്ധപ്പെട്ടെങ്കിലും പെട്ടെന്ന് ഹോട്ടൽ ക്വാറന്റൈൻ എടുക്കാൻ സാധ്യമല്ലാത്തതിനാൽ ഇദ്ദേഹത്തിന് യാത്ര മുടങ്ങുകയായിരുന്നു.

വിമാന ടിക്കറ്റ്, പിസിആർ ടെസ്റ്റ് തുടങ്ങി നഷ്ടങ്ങൾ സഹിച്ച യാത്രക്കാരൻ  ഉദ്യോഗസ്ഥനെതിരെ നടപടികൾക്കായി ഒരുങ്ങുകയാണ്. രണ്ടു ദിവസം മുമ്പ് മറ്റൊരാൾക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു ഇവിടെയും മലയാളി ഉദ്യോഗസ്ഥൻ തന്നെയായിരുന്നു വില്ലൻ. അന്ന് യാത്ര മുടങ്ങിയ പ്രവാസി തൊട്ടടുത്ത ദിവസം മറ്റൊരു വിമാനത്തിൽ യാതൊരു തടസവും ഇല്ലാതെ യാത്ര ചെയ്യുകയും ചെയ്തു. നിലവിൽ സഊദിയിലേക്ക് മറ്റു വിമാനങ്ങളിലെല്ലാം സമാനമായ വാക്സിൻ സ്റ്റാറ്റസ് ഉള്ളവർ യാത്ര ചെയ്യുന്നുണ്ട്. മാത്രമല്ല, രണ്ടു ഡോസ് എടുത്തവർക്ക് മാത്രമേ ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്ന നിർദേശം പുറത്ത് വന്നിട്ടുമില്ല.

ഇത്തരം ഘട്ടങ്ങളിൽ യാത്രക്കാരൻ ചെയ്യേണ്ടത്

ഇത്തരം ഘട്ടങ്ങളിൽ ഉടൻ തന്നെ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉടൻ പരാതി നൽകുകയോ എയർലൈൻ ഓഫീസിൽ നേരിട്ട് വിഷയം അവതരിപ്പിക്കയോ എന്നിട്ടും പരിഹാരം കാണുന്നില്ലെങ്കിൽ എയർപോർട്ട് അതോറിറ്റിക്കോ പരാതി നൽകാവുന്നതാണ്. എങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കാണ്ടില്ലെങ്കിൽ യാത്ര മുടങ്ങുമെന്നതിനാൽ ഞൊടിയിടയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. യാത്രക്കാരന്റെ ഭാഗം പൂർണ്ണമായും ശരിയാണെങ്കിൽ തെളിവുകൾ സഹിതം ഉദ്യോഗസ്ഥനെതിരെ നടപടിക്കായും നഷ്ടപരിഹാരത്തിനായാലും വിമാനകമാണിക്കെതിരെ പരാതിയും നൽകാം.

യാത്രക്കാരൻ അനുഭവം വിശദീകരിക്കുന്നു, വീഡിയോ കാണാം