റിയാദ്: സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയറിന്റെ ഇന്ത്യയിലേക്കുള്ള റെഗുലർ സർവ്വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിൽ പലപ്പോഴായി ചില ട്രാവൽസുകൾ നടത്തുന്ന ചാർട്ടേഡ് സർവ്വീസുകൾ മാത്രമാണ് സഊദിയയുടേതായി ഇന്ത്യയിലേക്കും തിരിച്ചും നടക്കുന്നുള്ളൂ. പഴയ രീതിയിലുള്ള റെഗുലർ സർവ്വീസുകൾ അടുത്ത സമയങ്ങളിലൊന്നും ഉണ്ടാകാനിടയില്ലെന്നാണ് സൂചനകൾ.
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യൻ വ്യോമയാന മന്ത്രാലയം ഒക്ടോബർ 30 വരെ നീട്ടിയതും എയർ ബബ്ൾ കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതുമാണ് സഊദിയിൽ നിന്നും സഊദി എയർലൈൻസ് ഉടൻ സർവ്വീസുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കുന്നത്. സഊദിയുമായി എയർ ബബ്ൾ കരാറിൽ എത്തിച്ചേരാൻ ഇന്ത്യക്ക് സാധിക്കാത്തതോടെ സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സഊദിയക്ക് ഇന്ത്യയിലേക്ക് നേരിട്ട് സർവ്വീസുകൾ നടത്താൻ സാധ്യമല്ല. അതിനാല തന്നെ നിലവിൽ ചില ട്രാവൽസുകളും ഏജൻസികളും നടത്തുന്ന ചാർട്ടേഡ് സർവ്വീസുകൾ മാത്രമായിരിക്കും സഊദിയ ഇന്ത്യയിലേക്ക് തുടരുക.
നിലവിൽ ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും മാത്രമാണ് നേരിട്ട് സഊദിയിലേക്ക് സർവ്വീസുകൾ നടത്തുന്നത്. ഇതിനു പുറമെ ഇപ്പോൾ ഖത്തർ എയർവെയ്‌സ്, എയർ അറേബ്യാ , എമിറേറ്റ്സ്, തുടങ്ങിയ വിവിധ വിമാന കമ്പനികളും റെഗുലർ സർവ്വീസുകൾ നടത്തുന്നുണ്ട്. ഇത്തരം വിമാനക്കമ്പനികളുടെ മാതൃ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടതിനാലാണിത്. ഇന്ത്യയിലേക്ക് നേരിട്ട് സർവ്വീസ് നടത്താൻ ഇവക്ക് അനുമതിയുള്ളതിനോപ്പം തന്നെ സഊദിയിലേക്കും ഇവർക്ക് സർവ്വീസുകൾ നടത്താൻ അനുമതിയുണ്ട്.
എന്നാൽ, സഊദിയുമായി ഇന്ത്യക്ക് ഇത് വരെ എയർ ബബ്ൾ കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതിനാൽ സഊദി എയറിനു നേരിട്ടുള്ള സർവീസുകൾക്ക് ഇപ്പോഴും സാധ്യമല്ല. സഊദി അറേബിയയിലേക്ക് സർവ്വീസുകൾ നടത്തുന്നതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള ചർച്ചകൾ നടന്നെങ്കിലും എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരുത്താനോ ഇന്ത്യയിൽ നിന്ന് രണ്ട ഡോസ് വാക്സിൻ എടുത്തവർക്ക് സഊദിയിലേക്ക് വരാനുള്ള സംവിധാനമോ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.




