“തവക്കല്‍ന” സ്റ്റാറ്റസ് ആവശ്യപ്പെട്ടു സഊദി പ്രവാസിയെ വട്ടം കറക്കി, യാത്ര മുടക്കിയതിനു പിന്നിൽ മലയാളി ജീവനക്കാരനെന്ന് ആരോപണം

0
5540

അബുദാബി: തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആവശ്യപ്പെട്ടു മലയാളിയെ വട്ടം കറക്കുകയും ഒടുവിൽ സഊദിയിലേക്കുള്ള യാത്ര മുടങ്ങുകയും ചെയ്തതായി പരാതി. ദുബായ് വഴി സഊദിയിലേക്ക് യാത്രക്കായെത്തിയ തൃശൂര്‍ സ്വദേശിയായ സച്ചിദാനന്ദനാണ് കഴിഞ്ഞ ദിവസം യാത്ര നിഷേധിക്കപ്പെട്ടത്. ദുബൈയിൽ നിന്നും സഊദി എയർ വിമാനത്തിൽ ജിദ്ദയിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി വിമാനത്താവളത്തില്‍ എത്തിയ സച്ചിദാനന്ദന് തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തതിനാല്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങുകയായിരുന്നു. ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തിരുന്നത് ഒരു മലയാളി ആയിരുന്നുവെന്നും അയാള്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തുവെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്.

സഊദിയിൽ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മുഖീം പ്രിന്റ് കാണിച്ചു കൊടുത്തിട്ടും മലയാളി എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കിയെന്നു പ്രവാസി കോർണർ റിപ്പോർട്ട് ചെയ്തു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തിയെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22,000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് ഇന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസത്തെ അതേ രേഖകളുമായി സച്ചിദാനന്ദന്‍ ഇന്ന് ഊദിദിയിലേക്ക് പറക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്ന മലയാളിയായ എയര്‍ലൈന്‍ ഉദ്യോഗസ്ഥന്റെ കര്‍ക്കശ നിലപാടും ഭാഷ കൈകാര്യം ചെയ്യുന്നതിലും ആശയ വിനിമയം നടത്തുന്നതിലും സച്ചിദാനന്ദന് സാധിക്കാത്തത് മൂലം ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇക്കാര്യം സമയത്തിന് അവതരിപ്പിക്കാന്‍ സാധിക്കാതെ പോയതുമാണ് ഈ സംഭവത്തിന് ഇടയക്കിയതെന്നുമാണ് ട്രാവല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്നും പ്രവാസി കോർണർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ സഊദിയിലേക്ക് വരുന്ന റീ എൻട്രി വിസക്കാർക്ക് തവക്കൽന നിർബന്ധമില്ല. അവർ ഇമ്മ്യുണ് ആണെങ്കിൽ തവക്കൽന വഴിയോ അതല്ലെങ്കിൽ അറൈവൽ രജിസ്‌ട്രേഷൻ വഴിയോ ഇത് ബോധിപ്പിച്ചാൽ മതിയെന്നാണ് സിവിൽ ഏവിയേഷൻ ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ നിർദേശം.

സഊദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് തവക്കൽന സ്റ്റാറ്റസ് ഇല്ലാത്തതിനെ തുടർന്ന് ബോര്‍ഡിംഗ് പാസ് നിഷേധിച്ചുവെന്നും അത് മൂലം യാത്ര ചെയ്യാന്‍ സാധിച്ചില്ലെന്നുമുള്ള വോയ്സ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സമീപ ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ട പല പ്രവാസികളും ആശങ്കയിലാകുകയും ചെയ്തു. എന്നാൽ, ഈ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. നിലവിൽ തവക്കൽന കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും അറൈവൽ രജിസ്‌ട്രേഷൻ മുഖേന ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിച്ചാൽ മതിയെന്നാണ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

ഇത് കൂടെ വായിക്കുക

“സഊദി യാത്രക്കാർക്ക് രണ്ട മാർഗ്ഗങ്ങളിലൂടെ ഇമ്മ്യൂൺ സ്റ്റാറ്റസ് വ്യക്തമാക്കാം”