റിയാദ്: സഊദിയിലെ ആഫ്രിക്കൻ കാര്യ മന്ത്രി അഹമ്മദ് ഖത്വാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇറ്റലിയിലെ മിലാൻ ഹൈവേയിൽ ആണ് വൻ അപകടം നടന്നത്. അതി ഭീകരമായ ഒരു ട്രാഫിക് അപകടത്തിൽ തനിക്കും ഉമ്മക്കും ഗുരുതരമായി പരിക്കേറ്റതായി മന്ത്രി അഹമ്മദ് ഖത്വാൻ തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ ട്വിറ്റർ അകൗണ്ടിലാണ് മന്ത്രി അപകട വിവരം പുറത്ത് വിട്ടത്.
“ഹൈവേയിൽ ഞാൻ അനുഭവിച്ച ഭയാനകമായ അപകടത്തിൽ എനിക്കും എന്റെ അമ്മയ്ക്കും ലഭിച്ച തീവ്രപരിചരണത്തിന് മിലാൻ എയർപോർട്ട് ആശുപത്രിയിലെ ഉദ്യോഗസ്ഥർക്ക് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് മന്ത്രി ട്വിറ്ററിൽ പറഞ്ഞു. ശരീരത്തിലുടനീളം മുറിവുകൾ ഉണ്ടായതായും മന്ത്രി വെളിപ്പെടുത്തി. അല്ലാഹുവിന്റെ വിധി, അവൻ ഉദേശിച്ചത് നടക്കും, മരണം യാഥാർഥ്യമാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അപകടത്തിൽ പെട്ട മന്ത്രിയുടെ രോഗം പെട്ടെന്ന് ബേധമാകട്ടെയെന്ന് പ്രാർത്ഥിച്ച് പ്രമുഖർ അടക്കം നിരവധി പേർ രംഗത്തെത്തി. വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ദൈവത്തിന് സ്തുതിയെന്ന് ഐവറി കോസ്റ്റിലെ സഊദി അംബാസഡർ അബ്ദുള്ള അൽ സുബൈ പറഞ്ഞു. ദൈവം സുഖപ്പെടുത്തട്ടെ, ദുരിതങ്ങൾ നീക്കംചെയ്യട്ടെ, ആരോഗ്യം, ക്ഷേമം, ദീർഘായുസ്സ്, എന്നിവ നൽകി അനുഗ്രഹിക്കട്ടെയെന്ന് മുഹമ്മദ് ബിൻ യഹ്‌യ അൽ-ഫാൽ പറഞ്ഞു.
ദൈവ വിധിയാണിത്, അവൻ ഉദ്ദേശിച്ചത് ചെയ്യുന്നു എഴുത്തുകാരൻ സുലൈമാൻ അൽ-ഈദി പറഞ്ഞു. സുരക്ഷ നൽകിയ ദൈവത്തെ സ്തുതിക്കുക, ദൈവം നിങ്ങളെ എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കട്ടെ, ഉമ്മയെ സംരക്ഷിക്കുകയും ആരോഗ്യവും ക്ഷേമവും അനുഗ്രഹവും നൽകുകയും ചെയ്യട്ടെയെന്ന് ആഫ്രിക്കൻ കാര്യങ്ങളുടെ സഹ സഹമന്ത്രി സാമി അൽ-സാലിഹ് പറഞ്ഞു.