12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ സ്കൂളിൽ എത്തുമ്പോൾ പ്രത്യേക നിബന്ധനകൾ പാലിക്കണം

0
1807

റിയാദ്: കൊറോണ മഹാമാരിക്കിടെ സ്കൂളുകളിലേക്ക് മടങ്ങുന്നതിനുള്ള മുൻകരുതൽ മാർഗ്ഗനിർദ്ദേശത്തിൽ 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ മടക്കത്തിൽ പ്രത്യേക കാര്യങ്ങൾ പാലിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ സ്കൂളിൽ തിരിച്ചെത്താനുള്ള സാഹചര്യം അടുത്തതോടെയാണ് ചില മാനദണ്ഡങ്ങൾ കൂട്ടിച്ചേർത്തത്.

ഇത്തരം കുട്ടികൾക്ക് സ്‌കൂളിലേക്ക് പ്രവേശനം നൽകണമെങ്കിൽ കുട്ടിയുമായി ബന്ധപ്പെടുന്ന എല്ലാവരും പൂർണ്ണ വാക്സിൻ പ്രതിരോധ ശേഷി നേടിയവർ ആയിരിക്കണമെന്ന നിബന്ധനയാണ് കൂട്ടിച്ചേർത്തത്. കുട്ടികളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട മുഴുവൻ ആളുകളും രാജ്യത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചവർ ആയിരിക്കണമെന്നാണ് നിബന്ധന.

പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ പരിഗണിക്കാതെ തന്നെ പഠന സമയത്ത് മാസ്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളും പാലിക്കണമെന്നും നിർബന്ധമുണ്ട്.