റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിൻ മൂന്നാം ഡോസ് അഥവാ ബൂസ്റ്റർ ഡോസ് കൂടുതൽ വിഭാഗങ്ങൾക്ക് ഉടൻ നൽകിതുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. നിലവിൽ തിരഞ്ഞടുത്ത ഏതാനും നിത്യ രോഗികൾക്ക് മാത്രമാണ് നൽകുന്നത്. ഉടൻ തന്നെ മൂന്നാമത്തെ ഡോസ് പ്രായമായവർക്ക് നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
60 വയസ്സിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വൃക്ക തകരാറുള്ള രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകിതുടങ്ങിയിട്ടുണ്ട്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിത മേഖലയിൽ എത്താനായി രണ്ടാമത്തെ ഡോസിന്റെ പ്രാധാന്യം അദ്ദേഹം ഊന്നി പറഞ്ഞു. രണ്ടാം ഡോസ് ഉടൻ നേടാൻ അദ്ദേഹം രാജ്യത്തിലെ നിവാസികളോട് ആവശ്യപ്പെട്ടു. പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിലും കൊറോണയിൽ നിന്നുള്ള വീണ്ടെടുക്കൽ നിരക്കിലും സഊദി അറേബ്യ ലോകത്ത് തന്നെ മുന്നിലാണെന്ന് വിവിധ സൂചകങ്ങൾ തെളിയിക്കുന്നുവെന്നും പകർച്ചവ്യാധിയെ നേരിടുന്നതിൽ ശേഷിക്കുന്ന ഘട്ടങ്ങൾ വളരെ പ്രധാനമാണെണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.