സഊദിവത്കരണ തൊഴിൽ നിയമ ലംഘനത്തിന് പിടിയിലായവർക്ക് സഊദിയിലേക്ക് മടങ്ങി വരാനാകില്ല

0
2039

റിയാദ്: സഊദിവത്കരണ തൊഴിൽ നിയമ ലംഘനത്തിന് പിടിയിലായവർക്ക് സഊദിയിലേക്ക് മടങ്ങി വരാനാകില്ലെന്ന് വ്യക്തമാക്കി സഊദി പാസ്പോർട്ട് വിഭാഗം. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ പ്രതികരണം. എന്നാൽ, സഊദിയിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത തരത്തിൽ നാട് കടത്തപ്പെടുന്ന വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ലെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. അതേസമയം, സഊദിയിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത തരത്തിൽ നാട് കടത്തപ്പെടുന്ന വിദേശികൾക്ക് മറ്റൊരു വിസകളിലും സഊദിയിലേക്ക് എത്താൻ സാധിക്കില്ല.

സഊദിയിൽ നിയമ ലംഘനങ്ങൾക്ക് പിടികൂടുന്ന പ്രവാസികളിൽ നാട് കടത്തപ്പെടേണ്ട നിയമ ലംഘകരെ നേരെ തർഹീൽ അഥവാ നാട് കടത്തൽ കേന്ദ്രങ്ങളിലേക്കാണ് അയക്കുന്നത്. ഇവരിൽ ഇഖാമ നിയമ ലംഘകരും തൊഴിൽ നിയമ ലംഘകരും ഉൾപ്പെടെ വിവിധ നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നവർ ഉണ്ടാകും. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും അവരുടെ എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരിൽ സഊദികൾക്കായി നീക്കി വെച്ച തൊഴിലുകളിൽ ഏർപ്പെട്ടതിനു പിടിക്കപ്പെട്ട് നാട്ടിലേക്ക് കയറ്റി അയക്കപ്പെടുന്നവർക്ക് പിന്നീട് മറ്റൊരു തൊഴിൽ വിസയിൽ സഊദിയിലേക്ക് എത്താൻ സാധിക്കില്ലെന്നാണ് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കിയത്.