കുവൈത്ത് സിറ്റി: കുവൈത്തിൽ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്‌ഡിൽ മലയാളികൾ ഉൾപ്പെടെ 18 പേർ പിടിയിലായി. വ്യാഴാഴ്ച രാത്രിയിൽ നടന്ന റെയ്‌ഡിൽ പണവും വിദേശമദ്യവും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മലപ്പുറം സ്വദേശിയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ മുന്‍ വോളണ്ടിയറുമായിരുന്ന കുര്യന്‍ കെ. ചെറിയാന്‍ എന്ന മനോജ് കുര്യനാണ് അറസ്റ്റിലായത്. ഇയാളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ഇയാള്‍ക്കൊപ്പം ചീട്ടുകളി കേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് 17 പേര്‍കൂടി പിടിയിലായിട്ടുണ്ട്. പിടികൂടപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നാണ് വിവരം.
കുര്യൻ കൈനമ്പറമ്പിൽ ചെറിയാൻ എന്ന പേരിൽ ഇന്ത്യൻ എംബസിയിൽ നിന്ന് ഇഷ്യൂ ചെയ്ത വളണ്ടിയർ കാർഡും ഫ്ളാറ്റിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും കണ്ടെത്തി. 2020 ജനുവരി യിൽ കാലഹരണപ്പെട്ടതാണ് ഈ വളന്റിയർ കാർഡ്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ശീട്ടു കളി കേന്ദ്രം നടത്തിയിരുന്നത്. നേരത്തെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരവധി തട്ടിപ്പുകൾ നടത്തിയതായി ഇയാൾക്കെതിരെ ആരോപണം ഉയരുകയും ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ സഹിതം വാർത്തകൾ പുറത്തു വരികയും ചെയ്തിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്ള സഫായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുവൈത്തിലെ ഒരു ജില്ലാ സംഘടനയുടെ രക്ഷാധികാരി കൂടിയായ ഇയാൾ പിടിയിലായത് അറിഞ്ഞതോടെ പ്രമുഖ സംഘടനയുടെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള ചിലർ ഇയാളെ പുറത്തിറക്കുന്നതിനു വേണ്ടി ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
വിസ തട്ടിപ്പിനിരയായും മറ്റും കുവൈറ്റില്‍ എത്തപ്പെട്ട് വഞ്ചിതരായി എംബസിയില്‍ അഭയംതേടുന്ന സ്ത്രീകളെ ഉപയോഗിച്ച് ഗാര്‍ഗഹിക തൊഴിലാളി റിക്രൂട്ടിംങ്ങ് നടത്തി അവരേപ്പോലും പറ്റിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എംബസിയിലെ ചില മുന്‍ കളങ്കിത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്തരം തട്ടിപ്പുകള്‍ എന്നാണ് സൂചനകൾ. എന്നാല്‍ മലയാളിയായ സിബി ജോര്‍ജ് പുതിയ കുവൈറ്റ് അംബാസിഡറായി ചുമതലയേറ്റതോടെ ഇത്തരം തട്ടിപ്പുകാരെ ഒന്നൊന്നായി എംബസിയില്‍നിന്നും കുടിയിറക്കിയിരുന്നു. ഇതോടെ ആ നിലയിലുള്ള വരുമാന മാര്‍ഗങ്ങള്‍ നടയുകയും പുതിയതായി ചീട്ടുകളി കേന്ദ്രം നടത്തുകയുമായിരുന്നു ഇയാളെന്നും റിപ്പോർട്ടുകൾ പറയുന്നു.
എംബസിയുടെ പേരിൽ ചൂഷണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു . എംബസി മുൻകാലത്ത് നൽകിയ വളണ്ടിയർ കാർഡ് ഉപയോഗിച്ച് ചിലർ ചൂഷണം നടത്തുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് അംബാസഡർ മുന്നറിയിപ്പ് നൽകിയത്.




