റിയാദ്: ബ്രസീലിൽ നിന്നുള്ള ബീഫിന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ സഊദി തീരുമാനം. ഈ മാസാദ്യം ദക്ഷിണ അമേരിക്കൻ രാജ്യമായ ബ്രസീലിൽ ഭ്രാന്തിപ്പശു രോഗത്തിന്റെ രണ്ട് അസാധാരണ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് സഊദി അറേബ്യ ബ്രസീലിയൻ കമ്പനികളിൽ നിന്നുള്ള ബീഫ് ഇറക്കുമതി നിർത്തി വെക്കുകയായിരുന്നു. ബ്രസീൽ കാർഷിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 6 നാണ് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയതെന്നും മിനാസ് ജെറൈസ് സംസ്ഥാനത്തെ അഞ്ച് അറവുശാലകളെ ബാധിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പശുക്കൾക്കിടയിലെ ആരോഗ്യ പ്രശ്‌ന സംബന്ധമായ കേസിനെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിനു ഇതിനകം അയച്ചിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, വിലക്ക് പിൻവലിക്കാൻ ഇപ്പോഴും വ്യവസ്ഥയായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായാണ് ബ്രസീൽ അറിയപ്പെടുന്നത്. ഏറ്റവും വലിയ ഉപഭോക്താവായ ചൈനയിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരുന്നു. അസാധാരണമായ ഭ്രാന്തിപ്പശു രോഗ കേസുകൾ സ്ഥിരീകരിച്ചതിന് ശേഷമാണ് ചൈനയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. കയറ്റുമതി പുനരാരംഭിക്കുന്നതിനുള്ള സമയപരിധി ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്നും ബ്രസീലിലെ കാർഷിക മന്ത്രാലയം അറിയിച്ചു.
ബീഫ് കമ്പനികളെ പ്രതിനിധീകരിക്കുന്ന രണ്ട് അസോസിയേഷനുകളായ അബിക്, അബ്രഫ്രിഗോ എന്നിവ ഇതേ കുറിച്ചുള്ള ചോദ്യനങ്ങളോട് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.




