റിയാദ്: യുഎഇ യിൽ നിന്നുള്ള വിലക്ക് സഊദി അറേബ്യ പിൻവലിച്ചതോടെ ഇരു രാജ്യങ്ങൾക്കിടയിൽ സർവ്വീസുകൾ പുനഃരാരംഭിക്കാനുള്ള ഒരുക്കത്തിൽ വിമാന കമ്പനികൾ. അബുദാബിയുടെ ഇതിഹാദ് എയറും സഊദിയുടെ സഊദിയക്കും പുറമെ ഷാർജയുടെ എയർ അറേബ്യയും പ്രതിദിന സർവ്വീസുകൾ തുടങ്ങുന്നതായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 14 മുതൽ ഷാർജയിൽ നിന്ന് ദമാം, റിയാദ്, ജിദ്ദ എന്നീ പ്രധാന നഗരികളിലേക്ക് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. സെപ്റ്റംബർ 11 മുതൽ അബുദാബിക്കും സഊദി അറേബ്യയ്ക്കും ഇടയിലുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന് ഇതിഹാദ് എയറും അറിയിച്ചിട്ടുണ്ട്. എയർ അറേബ്യ സർവീസ് പ്രവാസികൾക് ഏറെ ഉപകാരമായിതീരും. ഷാർജ വഴിയുള്ള കണക്ഷൻ വിമാനം വഴി യാത്ര ചെയ്യാനാകുന്നത് ടിക്കറ്റ് നിരക്കിലും കുറവുണ്ടാകാൻ കാരണമാകും.
24 പ്രതിവാര വിമാന സർവീസുകളാണ് ഇത്തിഹാദ് സഊദി അറേബ്യയിലേക്ക് നടത്തുക, ദമാം, റിയാദ്, ജിദ്ദ എന്നീ പ്രധാന നഗരികളിലേക്ക് പ്രതിദിന സർവ്വീസുകൾക്ക് പുറമെ ആഴ്ചയിൽ മദീനയിലേക്കുള്ള മൂന്ന് സർവ്വീസുകൾ ശനിയാഴ്ച മുതൽ ആരംഭിക്കും. സഊദി അറേബ്യയിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടുള്ള യാത്രക്കാരായ സഊദി പൗരന്മാർ, ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, സഊദി റസിഡന്റ് വിസ ഉള്ളവർ, യുഎഇ പൗരന്മാർ എന്നിവർക്ക് സഊദിയിലേക്ക് യാത്ര ചെയ്യാനാകുമെന്ന് ഇതിഹാദ് അറിയിച്ചു. സഊദി അറേബ്യ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ളതിനാൽ സഊദിയിൽ നിന്ന് അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ രഹിത യാത്ര ആസ്വദിക്കാം.
റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് പ്രതിദിന സര്‍വീസ് പുനരാരംഭിച്ചുവെന്നും യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് വഴി ബുക്കിംഗ് തുടങ്ങാമെന്നും സഊദി എയര്‍ലൈന്‍സും അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ നിര്‍ത്തിവെച്ചതിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്ക് സഊദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുന്നത്. ഇതോടെ യു എ ഇ യിൽ നിന്ന് സഊദിയിലേക്കുള്ള വ്യോമഗതാഗതം പഴയ നിലയിലേക്ക് മാറും.






